Saturday, July 27, 2024
HomeIndiaകരുത്ത് കാട്ടുമോ 'ഇൻഡ്യ'; ഇന്ന് വിധിയറിയുന്നത് ഏഴ് നിയമസഭ മണ്ഡലങ്ങളില്‍

കരുത്ത് കാട്ടുമോ ‘ഇൻഡ്യ’; ഇന്ന് വിധിയറിയുന്നത് ഏഴ് നിയമസഭ മണ്ഡലങ്ങളില്‍

ന്യൂഡല്‍ഹി: പുതുപ്പള്ളിക്ക് പുറമേ ഇന്ന് നിയമസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്നത് അഞ്ച് സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളില്‍ കൂടി.

ഝാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമബംഗാള്‍, യു.പി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ സീറ്റുകളിലാണ് പുതുപ്പള്ളിക്കൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്നത്. സഖ്യത്തിന്‍റെ അടിസ്ഥാനത്തിലല്ല മത്സരമെങ്കിലും, ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാനായി രൂപംകൊണ്ട പുതിയ പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’ക്ക് ഇന്നത്തെ ഫലങ്ങള്‍ കരുത്ത് തെളിയിക്കാനുള്ള അവസരമാണ്.

ഝാര്‍ഖണ്ഡിലെ ഡുമ്രി മണ്ഡലം, ത്രിപുരയിലെ ബോക്സാനഗര്‍, ധൻപൂര്‍, പശ്ചിമബംഗാളിലെ ദുപ്ഗുരി, യു.പിയിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ആറിടത്ത് ജനപ്രതിനിധികളുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായതെങ്കില്‍ ധൻപൂരിലും ഘോസിയിലും ജനപ്രതിനിധികള്‍ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.

ഝാര്‍ഖണ്ഡിലെ ഡുമ്രി മണ്ഡലം ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സീറ്റാണ്. എം.എല്‍.എയായിരുന്ന ജഗര്‍നാഥ് മാതോയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു.

ത്രിപുരയിലെ ധൻപൂര്‍ മണ്ഡലം ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ്. 2023ലെ തെരഞ്ഞെടുപ്പില്‍ 3500 വോട്ടിനാണ് ബി.ജെ.പിയുടെ പ്രതിമ ഭൗമിക് സി.പി.എം സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചത്. തന്‍റെ ലോക്സഭ സീറ്റ് നിലനിര്‍ത്താനായാണ് ഇവര്‍ രാജിവെച്ചത്. ത്രിപുരയിലെ ബോക്സാനഗറില്‍ സി.പി.എമ്മിന്‍റെ ഷംസുല്‍ ഹഖാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. അദ്ദേഹത്തിന്‍റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.

ഉത്തരാഖണ്ഡിലെ ബാഗേശ്വറില്‍ ബി.ജെ.പിയുടെ ചന്ദൻ രാംദാസാണ് 2022ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. അദ്ദേഹത്തിന്‍റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.

യു.പിയിലെ ഘോസിയില്‍ എസ്.പി സ്ഥാനാര്‍ഥി ധാരാസിങ് ചൗഹാനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. 22,000ലേറെ വോട്ടിന് ബി.ജെ.പിയെയാണ് തോല്‍പ്പിച്ചത്. ചൗഹാൻ എസ്.പിയില്‍ നിന്ന് രാജിവെച്ച്‌ ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ്.

പശ്ചിമബംഗാളിലെ ദുപ്ഗുരിയില്‍ 2021ല്‍ ബി.ജെ.പിയുടെ ബിഷ്ണുപദ റോയ് ആണ് ജയിച്ചത്. 4300 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയെയാണ് തോല്‍പ്പിച്ചത്. റോയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

RELATED ARTICLES

STORIES

Most Popular