Monday, May 6, 2024
HomeKeralaപര്യത്ത് കോളനി നിവാസികള്‍ സമരം തുടങ്ങി

പര്യത്ത് കോളനി നിവാസികള്‍ സമരം തുടങ്ങി

കിഴക്കമ്ബലം: മലയിടംതുരുത്ത് നടക്കാവ് പര്യത്ത് കോളനി കുടിയൊഴിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ പന്തല്‍കെട്ടി സമരം ആരംഭിച്ച്‌ കോളനി നിവാസികള്‍.

ചൊവ്വാഴ്ച രാവിലെയാണ് സമരം ആരംഭിച്ചത്. വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് സമരം.

സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് അഡ്വക്കറ്റ് കമീഷന്‍റെ നേതൃത്വത്തില്‍ താലൂക്ക് സര്‍വേയര്‍ ഉള്‍പ്പെടെ എത്തി കഴിഞ്ഞ വ്യാഴാഴ്ച പൊളിച്ചുനീക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് തല്‍ക്കാലം നിര്‍ത്തിവെക്കുകയായിരുന്നു. ശനിയാഴ്ചക്കുള്ളില്‍ എല്ലാവരും ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുനരധിവസിപ്പിക്കാൻ തുടര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇവര്‍ക്ക് പോകാൻ മറ്റിടമില്ലെന്നും സാവകാശം നല്‍കണമെന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സാവകാശം. വരുന്ന 21നകം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതിനാല്‍ ഏത് സമയത്തും വീടുകള്‍ പൊളിച്ചുനീക്കുമെന്ന സൂചനയെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമാക്കിയത്. ഏഴ് പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെടെ എട്ടോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. തലമുറകളായി അനുഭവിച്ചുവന്ന ഭൂമിയാണെങ്കിലും പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് ഈ കുടുംബങ്ങള്‍.

50 വര്‍ഷം മുമ്ബാണ് തന്റെ ഭൂമി കാളുകുറുമ്ബന്‍ കൈയേറിയതായി ചൂണ്ടിക്കാട്ടി മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരന്‍നായര്‍ രംഗത്തെത്തുന്നത്. പിന്നീട് ഈ ഭൂമിയിക്കുവേണ്ടിയുള്ള നിയമയുദ്ധങ്ങള്‍ സുപ്രീംകോടതി വരെ നീണ്ടെങ്കിലും വിധി എതിരായതാണ് ഇപ്പോള്‍ നടപടിയിലേക്ക് നീങ്ങാന്‍ കാരണം. തങ്ങളുടെ മുത്തച്ഛന് ലഭിച്ച ഭൂമിയാണിതെന്ന് കാളുകുറുമ്ബന്റെ മക്കള്‍ പറയുന്നത്. 30 വര്‍ഷം മുമ്ബാണ് 80ാം വയസ്സില്‍ കാളുകുറുമ്ബൻ മരിച്ചത്. അതിനും വര്‍ഷങ്ങള്‍ക്കുമുമ്ബാണ് ഭൂമി തങ്ങളുടെ പൂര്‍വികരുടേതാണെന്ന് ചൂണ്ടിക്കാട്ടി കണ്ണോത്ത് ശങ്കരൻ നായര്‍ നിയമനടപടികളുമായി കോടതികളെ സമീപിക്കുന്നത്. ഇതിനിടെ ശങ്കരന്‍ നായരും മരിച്ചു. അതോടെ ശങ്കരന്‍ നായരുടെ പെണ്‍മക്കളുടെ മക്കളാണ് കേസ് ഏറ്റെടുത്ത് നടത്തിയതെന്ന് കോളനി നിവാസികള്‍ പറഞ്ഞു.

ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയ കാലത്തുപോലും തങ്ങളുടേതായിരുന്ന ഭൂമി വര്‍ഷങ്ങള്‍ക്കിപ്പുറം നഷ്ടപ്പെട്ടുപോകുമ്ബോള്‍ ഇനി എന്തുചെയ്യും എന്ന ആശങ്കയിലാണ് കുടുംബങ്ങള്‍. ഇതേ തുടര്‍ന്നാണ് പന്തല്‍കെട്ടി സമരം ആരംഭിച്ചത്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അൻവര്‍ അലി, പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ഗോപാലകൃഷണൻ, നേതാക്കളായ സി.എം. അബദുല്‍കരീം, കെ.എം. സിറാജ്, എം.കെ. മുരളീധരൻ, പി.എം. നാസര്‍, ടി.എം. വേലായുധൻ എന്നിവര്‍ പങ്കെടുത്തു..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular