Saturday, July 27, 2024
HomeKeralaദുരന്ത തീരമായി ഡെര്‍ന; നഗരം നാമാവശേഷമായത് ഒറ്റരാത്രി കൊണ്ട്

ദുരന്ത തീരമായി ഡെര്‍ന; നഗരം നാമാവശേഷമായത് ഒറ്റരാത്രി കൊണ്ട്

ഡെര്‍ന: വെള്ളച്ചായം പൂശിയ വീടുകള്‍ക്കും ഈന്തപ്പനത്തോട്ടങ്ങള്‍ക്കും പേരുകേട്ട ഡെര്‍ന ഇന്ന് അക്ഷരാര്‍ഥത്തില്‍ മരണ തീരമാണ്.

ലിബിയൻ തലസ്ഥാനമായ ട്രിപളിയില്‍ നിന്ന് ഏകദേശം 900 കിലോമീറ്റര്‍ കിഴക്ക് സ്ഥിതി ചെയ്യുന്ന നഗരം ഒറ്റരാത്രി കൊണ്ടാണ് നാമാവശേഷമായത്.

ഡാനിയല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ പേമാരിയില്‍ അണക്കെട്ടുകള്‍ തകര്‍ന്നത് ഡെര്‍നയെ മരണതീരമാക്കിമാറ്റി. ലിബിയയുടെ കിഴക്കൻ നഗരങ്ങളെ മൊത്തത്തില്‍ കൊടുങ്കാറ്റ് വെള്ളപ്പൊക്കത്തിലാഴ്ത്തിയെങ്കിലും കൊടിയ ദുരന്തം വിതച്ചത് ഡെര്‍നയിലാണ്. ഞായറാഴ്ച രാത്രി വലിയ ശബ്ദം കേട്ടതായി നഗരവാസികള്‍ പറഞ്ഞു. മലകളില്‍നിന്ന് നഗരത്തിലൂടെ കടലിലേക്ക് ഒഴുകുന്ന വാദി ഡെര്‍ന നദിയിലൂടെ പ്രളയം ജലം ഇരച്ചെത്തുകയായിരുന്നു. ഏഴ് മീറ്റര്‍ ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. കുടുംബങ്ങള്‍ ഒന്നാകെ കടലിലേക്ക് ഒലിച്ചുപോയി.

നഗരത്തിലെ കെട്ടിടങ്ങള്‍ ഏറക്കുറെ തകര്‍ന്നു തരിപ്പണമായി. പലയിടത്തും അപാര്‍ട്ട്മെന്റുകള്‍ പൂര്‍ണമായാണ് ഒഴുകിപ്പോയത്. അഞ്ചു പാലങ്ങളും ഇല്ലാതായി. 30 കിലോമീറ്റര്‍ പരിധിയില്‍ റോഡുകളും നാമാവശേഷമായി. നഗരത്തിലെ തെരുവുകളിലും അവശിഷ്ടങ്ങള്‍ക്കടിയിലും നിരവധി മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രളയത്തില്‍ കടലിലേക്ക് ഒഴുകിപ്പോയ മൃതദേഹങ്ങള്‍ പലതും പിന്നീട് തീരത്ത് അടിഞ്ഞിട്ടുണ്ട്.

ബുധനാഴ്ച രാവിലെവരെ 2,000ലധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതായും അതില്‍ പകുതിയിലേറെയും ഡെര്‍നയിലെ കൂട്ടക്കുഴിമാടങ്ങളില്‍ ഖബറടക്കിയതായും കിഴക്കൻ ലിബിയയുടെ ആരോഗ്യമന്ത്രി ഒത്മാൻ അബ്ദുള്‍ജലീല്‍ പറഞ്ഞു.

നൂറുകണക്കിന് മൃതദേഹങ്ങള്‍ സമീപ നഗരങ്ങളിലെ മോര്‍ച്ചറികളിലേക്ക് മാറ്റി. മരണസംഖ്യ കുത്തനെ ഉയരുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. നഗരത്തിലെ രണ്ടു ആശുപത്രികളും മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞത് ചികിത്സ ലഭ്യമാക്കുന്നത് പ്രയാസത്തിലാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ കൂടുതല്‍ ആശുപത്രികള്‍ തുറക്കണമെന്ന മുറവിളികളുണ്ടെങ്കിലും ഗദ്ദാഫിക്കു ശേഷം കെട്ടുറപ്പുള്ള ഭരണകൂടം പോലും ഇല്ലാതായത് സ്ഥിതി ഗുരുതരമാക്കുകയാണ്.

നഗരത്തിലേക്കുള്ള ഏഴ് റോഡുകളില്‍ രണ്ടെണ്ണം മാത്രമേ അവശേഷിക്കുന്നുള്ളു. നഗരത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഡെര്‍ന നദിക്ക് മുകളിലൂടെയുള്ള പാലങ്ങളും തകര്‍ന്നു. ഇത് രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായവുമായി എത്താൻ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്.

കിഴക്കൻ ലിബിയയിലെ വെള്ളപ്പൊക്കം ബാധിച്ച ഡെര്‍നയിലും മറ്റ് പട്ടണങ്ങളിലും 40,000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി റെഡ്ക്രസന്റ് അധികൃതര്‍ പറഞ്ഞു.

നീണ്ടകാലം രാജ്യം ഭരിച്ച മുഅമ്മര്‍ ഗദ്ദാഫിയെ നാറ്റോ സേന കൊലപ്പെടുത്തിയ ശേഷം രാജ്യം കടുത്ത രാഷ്ട്രീയ അരക്ഷിതത്വത്തില്‍ ഉഴറുകയാണ്. ഇതുമൂലം രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാൻ പോലും അധികൃതരില്ലെന്നതാണ് സ്ഥിതി.

RELATED ARTICLES

STORIES

Most Popular