Friday, May 17, 2024
HomeUncategorizedയുക്രെയിനില്‍ റഷ്യ ജയിക്കുമെന്ന് കിം, സഹായം ഉറപ്പാക്കുമെന്ന് പുട്ടിൻ

യുക്രെയിനില്‍ റഷ്യ ജയിക്കുമെന്ന് കിം, സഹായം ഉറപ്പാക്കുമെന്ന് പുട്ടിൻ

മോസ്കോ: യുക്രെയിനില്‍ റഷ്യ തിന്മയ്ക്കെതിരെ നടത്തുന്ന പോരാട്ടത്തില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും റഷ്യയുടേത് പാശ്ചാത്യ ലോകത്തിനെതിരെയുള്ള വിശുദ്ധ യുദ്ധമാണെന്നും ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ.

ഇന്നലെ റഷ്യയുടെ വിദൂര കിഴക്കൻ മേഖലയിലുള്ള വോസ്റ്റോച്‌നി കോസ്മോഡ്രോമില്‍ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് കിമ്മിന്റെ പ്രതികരണം. ഉത്തര കൊറിയ എപ്പോഴും റഷ്യയ്ക്കൊപ്പമായിരിക്കുമെന്നും കിം അറിയിച്ചു.

അതേസമയം, ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാൻ ഉത്തര കൊറിയയെ സഹായിക്കുമെന്ന് കിമ്മിന് പുട്ടിൻ ഉറപ്പ് നല്‍കി. റഷ്യയുടെ ഏറ്റവും നൂതന ബഹിരാകാശ വിക്ഷേപണ കേന്ദ്രമാണ് വോസ്റ്റോച്‌നി കോസ്മോഡ്രോം. ഇതിന്റെ പ്രത്യേകതകളെക്കുറിച്ചും വിക്ഷേപണ സംവിധാനങ്ങളെക്കുറിച്ചും പുട്ടിൻ കിമ്മിനോട് വിവരിച്ചു. റഷ്യൻ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗുവും വിദേശകാര്യ മന്ത്രി സെര്‍ജി ലവ്റോവും ഉള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ ഇരുനേതാക്കളും വിവിധ മേഖലകളെക്കുറിച്ച്‌ ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ചയ്ക്ക് വോസ്റ്റോച്‌നി കോസ്മോഡ്രോമിനെ തിരഞ്ഞെടുത്തതിലൂടെ ബഹിരാകാശ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കാനൊരുങ്ങുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

കിം റോക്കറ്റ് സാങ്കേതികവിദ്യയില്‍ അതീവ താത്പര്യം പ്രകടിപ്പിച്ചെന്നും ഉത്തര കൊറിയ ബഹിരാകാശത്തേക്ക് സാന്നിദ്ധ്യം വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണെന്നും പുട്ടിൻ പ്രതികരിച്ചു. സൈനിക മേഖലയിലടക്കം സഹകരിച്ചേക്കുമെന്നും സൂചിപ്പിച്ചു. ചാര സൈനിക ഉപഗ്രഹം വിക്ഷേപിക്കാനുള്ള ഉത്തര കൊറിയയുടെ ശ്രമം അടുത്തിടെ രണ്ട് തവണ പരാജയപ്പെട്ടിരുന്നു. കിം – പുട്ടിൻ കൂടിക്കാഴ്ചയ്ക്കിടെ ഇന്നലെ ഉത്തര കൊറിയയില്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണവും നടന്നു.

പുട്ടിനൊരുക്കിയ വിരുന്നിലും കിം പങ്കെടുത്തു. യുക്രെയിനിലെ സൈനിക നടപടിക്കാവശ്യമായ ആയുധങ്ങള്‍ റഷ്യയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് കിം- പുട്ടിൻ കൂടിക്കാഴ്ച നടന്നതെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ വിലയിരുത്തല്‍.

ആയുധങ്ങള്‍ക്ക് പകരമായി ഉപഗ്രഹ, ആണവ അന്തര്‍വാഹിനി സാങ്കേതികവിദ്യ കിം ആവശ്യപ്പെട്ടിരിക്കാമെന്ന് കരുതുന്നു. ചൊവ്വാഴ്ചയാണ് ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോഗ്യാംഗില്‍ നിന്ന് കിം ട്രെയിൻ മാര്‍ഗം റഷ്യയിലെത്തിച്ചേര്‍ന്നത്. സഹോദരി കിം യോംഗ് ജോംഗും ഉന്നത സൈനിക മേധാവികളും കിമ്മിന്റെ സംഘത്തിലുണ്ട്. റഷ്യയിലെ വ്ലാഡിവോസ്റ്റോക്ക് അടക്കമുള്ള നഗരങ്ങളും പ്രതിരോധ ഫാക്ടറികളും സന്ദര്‍ശിച്ച ശേഷമേ കിം മടങ്ങൂ എന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular