Thursday, May 2, 2024
HomeIndia'ശത്രുതാ മനോഭാവം': ചാനല്‍ ചര്‍ച്ചകളും ചില അവതാരകരേയും ബഹിഷ്കരിക്കാനൊരുങ്ങി 'ഇന്ത്യ'

‘ശത്രുതാ മനോഭാവം’: ചാനല്‍ ചര്‍ച്ചകളും ചില അവതാരകരേയും ബഹിഷ്കരിക്കാനൊരുങ്ങി ‘ഇന്ത്യ’

ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യപാര്‍ട്ടികളോട് ശത്രുതാ മനോഭാവം വെച്ചുപുലര്‍ത്തുന്ന ചാനല്‍ അവതാരകരേയും ചാനല്‍ ചര്‍ച്ചകളും ബഹിഷ്കരിക്കാനുള്ള നീക്കവുമായി ഇന്ത്യ സഖ്യം.

ഇതുമായി ബന്ധപ്പെട്ട് ആദ്യത്തെ ഏകോപന സമതി യോഗത്തില്‍ തീരുമാനമെടുത്തു. എൻ.സി.പി. നേതാവ് ശരദ് പവാറിന്റെ വസതിയില്‍ ബുധനാഴ്ച വൈകീട്ട് മൂന്നുമണിക്കൂറിലധികം നീണ്ട ചര്‍ച്ചയിലായിരുന്നു തീരുമാനം.

മുൻപെങ്ങുമില്ലാത്ത വിധത്തില്‍ ശത്രുതാമനോഭാവത്തോടെ ചര്‍ച്ചകള്‍ നയിക്കുന്ന ചാനല്‍ അവതാരകരെക്കുറിച്ച്‌ ഞങ്ങളുടെ മീഡിയ ഗ്രൂപ്പ് ശ്രദ്ധയില്‍പെടുത്തുകയുണ്ടായി. അത്തരം പരിപാടികളില്‍ ഇന്ത്യ സഖ്യത്തില്‍ നിന്ന് ആരും പങ്കെടുക്കില്ലെ. പ്രതിപക്ഷ സഖ്യത്തിന്റെ ഒരു പ്രതിനിധി പോലും ഇത്തരം ചര്‍ച്ചകളിലും ശത്രുതാ മനോഭാവം വെച്ചുപുലര്‍ത്തുന്ന ചാനല്‍ അവതാരകരുടെ പരിപാടികളിലും പങ്കെടുക്കില്ലെന്നും നേതാക്കള്‍ യോഗത്തിന് ശേഷം പറഞ്ഞു.

ഏതൊക്കെ അവതാരകരേയാണ്, ഏതൊക്കെ ചാനല്‍ ചര്‍ച്ചകളാണ് ബഹിഷ്കരിക്കുക എന്നത് സംബന്ധിച്ച്‌ വൈകാതെ തന്നെ അറിയിപ്പ് ഉണ്ടാകുമെന്ന് നേതാക്കള്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പല മാധ്യമങ്ങളും അവഗണിച്ചു എന്ന് നേരത്തെ തന്നെ ആരോപണങ്ങളുയര്‍ന്നിരുന്നു. പല മാധ്യമങ്ങളും വേണ്ടുംവിധത്തില്‍ വാര്‍ത്തകള്‍ നല്‍കിയില്ലെന്നും പ്രാധാന്യമര്‍ഹിക്കാത്ത വിധത്തിലാണ് കൈകാര്യം ചെയ്തതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ തന്നെ ആരോപണമുന്നയിച്ചിരുന്നു. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ കൂടിയായിരുന്നു ഭാരത് ജോഡോ യാത്രയുടെ പ്രചാരണങ്ങള്‍ ഏകോപിപ്പിച്ചത്. മാധ്യമങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ബഹിഷ്കണം തുടരുകയാണെന്ന് ആരോപിച്ച്‌ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് അടക്കമുള്ളര്‍ രംഗത്തെത്തിയിരുന്നു.

ഇന്ത്യ സഖ്യത്തില്‍ സീറ്റുവിഭജനത്തെക്കുറിച്ചുള്ള തീരുമാനം യോഗത്തില്‍ ഉണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എൻ.ഡി.എ. കക്ഷികളും പ്രതിപക്ഷത്തിനൊപ്പം നില്‍ക്കാത്ത പാര്‍ട്ടികളും ജയിച്ച മണ്ഡലങ്ങളില്‍ സീറ്റുവിഭജനത്തിനാണ് ‘ഇന്ത്യ’ ഏകോപനസമിതിയുടെ ആദ്യയോഗത്തില്‍ തീരുമാനമുണ്ടായത്. സംസ്ഥാനതലങ്ങളിലാവും ചര്‍ച്ച. ഇതിനുള്ള നിര്‍ദേശം ‘ഇന്ത്യ’യില്‍ അംഗങ്ങളായ പാര്‍ട്ടികളെല്ലാം സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഉടൻ നല്‍കും.

നിലവില്‍ എൻ.ഡി.എ.യ്ക്ക് 334-ഉം ഒന്നിന്റെയും ഭാഗമല്ലാതെ നില്‍ക്കുന്ന പാര്‍ട്ടികള്‍ക്ക് 63-ഉം സീറ്റുകളാണുള്ളത്. ഈ മണ്ഡലങ്ങളില്‍ രണ്ടാമതെത്തിയ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്ന വിധത്തിലാവും ചര്‍ച്ചകള്‍. ഇതിനുള്ള നടപടി വേഗം തുടങ്ങാൻ തീരുമാനിച്ചതായി യോഗതീരുമാനം വിശദീകരിച്ച്‌ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular