Saturday, July 27, 2024
HomeGulfകൂടുതല്‍ പഠനാവസരം; പുതിയ 11 സ്കൂളുകള്‍ കൂടി തുറന്നു

കൂടുതല്‍ പഠനാവസരം; പുതിയ 11 സ്കൂളുകള്‍ കൂടി തുറന്നു

ദുബൈ: രാജ്യത്ത് കൂടുതല്‍ കുട്ടികള്‍ക്ക് പഠനാവസരം ഒരുക്കുന്നതിന്‍റെ ഭാഗമായി 11 പുതിയ സര്‍ക്കാര്‍ സ്കൂളുകള്‍ കൂടി തുറന്നു.

28,000 കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യവുമായി ആരംഭിച്ച സ്കൂളുകള്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യല്‍ കോര്‍ട്ട് മന്ത്രിയുമായ ശൈഖ് മൻസൂര്‍ ബിൻ സയിദ് ആല്‍ നഹ്യാനാണ് പ്രഖ്യാപിച്ചത്. സായിദ് എജുക്കേഷനല്‍ കോംപ്ലക്സ് പദ്ധതിയുടെ കീഴിലാണ് പൊതുവിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ മികവുറ്റതാക്കുന്നതിന് സ്കൂളുകള്‍ ആരംഭിച്ചത്. ഫുജൈറയില്‍ ആരംഭിച്ച സ്കൂളുകളിലൊന്നില്‍ ശൈഖ് മൻസൂര്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. പദ്ധതി ദേശീയ നേട്ടമാണെന്ന് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം പ്രസ്താവിച്ചു.

സ്കൂളുകളില്‍ അത്യാധുനിക സൗകര്യമുള്ള ലബോറട്ടറികള്‍, കായിക-കലാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഓരോ സ്കൂളുകളിലും 86 ക്ലാസ് മുറികള്‍ ഒരുക്കിയിട്ടുണ്ട്. സ്മാര്‍ട്ട് സാങ്കേതിക വിദ്യകള്‍ സജ്ജീകരിച്ച സ്കൂളുകള്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായ രീതിയിലാണുള്ളത്. കുട്ടികളെ ഉള്‍ക്കൊള്ളുന്നതില്‍ ഓരോ സ്കൂളുകളും സാധാരണ പൊതുവിദ്യാലയങ്ങളേക്കാള്‍ നാലിരട്ടി വലുപ്പമുള്ളതാണ്. 16,000ത്തിലധികം എൻജിനീയര്‍മാരും സൂപ്പര്‍വൈസര്‍മാരും തൊഴിലാളികളും പുതിയ അധ്യയന വര്‍ഷത്തേക്ക് തുറക്കാനായി സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹിയാന്റെ നിര്‍ദേശപ്രകാരമാണ് സായിദ് എജുക്കേഷനല്‍ കോംപ്ലക്‌സ് സംരംഭം ആരംഭിച്ചത്. പ്രസിഡൻഷ്യല്‍ കോര്‍ട്ടിന്‍റെയും ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രാലയങ്ങളുടെയും പങ്കാളിത്തത്തോടെ രാജ്യത്തെ പൊതുവിദ്യാലയങ്ങള്‍ നിയന്ത്രിക്കുന്ന എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്റാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഫുജൈറയിലെ മുഹമ്മദ് ബിൻ സായിദ് റെസിഡൻഷ്യല്‍ സിറ്റിയിലെ സായിദ് എജുക്കേഷനല്‍ കോംപ്ലക്‌സ് സന്ദര്‍ശനത്തില്‍ ശൈഖ് മൻസൂറിനൊപ്പം ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂയി, പൊതുവിദ്യാഭ്യാസ, നൂതന സാങ്കേതിക സഹമന്ത്രിയും എമിറേറ്റ്‌സ് സ്‌കൂള്‍ എജുക്കേഷൻ ഫൗണ്ടേഷൻ ചെയര്‍മാനുമായ സാറ അല്‍ അമീരി, പ്രാരംഭ വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി സാറ മുസല്ലം എന്നിവരും അനുഗമിച്ചു.

RELATED ARTICLES

STORIES

Most Popular