Thursday, May 2, 2024
HomeKeralaഎംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ മേയര്‍ക്ക് പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനം; മറനീക്കി ഭിന്നത

എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ മേയര്‍ക്ക് പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനം; മറനീക്കി ഭിന്നത

തിരുവനന്തപുരം: സി.പി.എം. വിളിച്ചുചേര്‍ത്ത സ്ഥിരം സമിതി അധ്യക്ഷരുടെ യോഗത്തില്‍ മേയറെയും കോര്‍പ്പറേഷൻ ഭരണത്തെയും വിമര്‍ശിച്ച്‌ വനിതാ കൗണ്‍സിലര്‍ രംഗത്തുവന്നതോടെ മറനീക്കി പുറത്തുവന്നത് കൗണ്‍സിലര്‍മാര്‍ക്കിടയിലെ പടലപ്പിണക്കം.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഗായത്രി ബാബുവാണ് മേയറെയും ഭരണത്തെയും പരോക്ഷമായി വിമര്‍ശിച്ചത്.

നഗരസഭ പിടികൂടിയ അനധികൃത മാലിന്യവാഹനം വിട്ടുകൊടുക്കാനുള്ള സ്ഥിരംസമിതി അധ്യക്ഷയുടെ ശുപാര്‍ശ ഉദ്യോഗസ്ഥര്‍ ചെവിക്കൊള്ളാത്തത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളാണ് ഇതിനു പിന്നില്‍. സി.ഐ.ടി.യു. പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്നുള്ള മാലിന്യങ്ങളുമായെത്തിയ ഓട്ടോറിക്ഷയാണ് കോര്‍പ്പറേഷൻ സ്ക്വാഡ് പിടികൂടിയത്. പിഴ ഒഴിവാക്കി വാഹനം വിട്ടുകൊടുക്കാത്തതിന്റെപേരില്‍ ആരോഗ്യ, മരാമത്ത് സ്ഥിരംസമിതി അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ക്കുനേരേ തിരിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കൂടിയ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ കോര്‍പ്പറേഷൻ സെക്രട്ടറിയും ഹെല്‍ത്ത് ഓഫീസറും സ്ഥിരംസമിതി അധ്യക്ഷരുടെ രോഷത്തിനിരയായി. മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ പിടിപ്പുകേട് കാരണമാണ് ഉദ്യോഗസ്ഥര്‍ കൗണ്‍സിലര്‍മാരുടെ നിര്‍ദേശങ്ങളും ശുപാര്‍ശകളും അംഗീകരിക്കാത്തത് എന്നായിരുന്നു പാര്‍ട്ടി യോഗത്തില്‍ ഉണ്ടായ വിമര്‍ശനം. ജില്ലാ സെക്രട്ടറി വി.ജോയി, കോര്‍പ്പറേഷന്റെ ചുമതലയുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ജയൻബാബു, സംസ്ഥാന സമിതി അംഗം എം.വിജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഈ സംഭവം.

പടലപ്പിണക്കങ്ങളെത്തുടര്‍ന്ന് കോര്‍പ്പറേഷൻ ഭരണസമിതി അഴിച്ചുപണിതത് ഒരു മാസം മുൻപാണ്. പുതുതായി എത്തിയ സ്ഥിരംസമിതി അധ്യക്ഷൻമാരുമായി ആശയവിനിമയം നടത്താൻ പാര്‍ട്ടി സെക്രട്ടറി വിളിച്ചുചേര്‍ത്ത ആദ്യയോഗത്തില്‍തന്നെ ഉള്‍പ്പോര് തലപൊക്കി.

കോര്‍പ്പറേഷനിലെ പൊതു വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നതിനിടെയാണ് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ഗായത്രി ബാബു അപ്രതീക്ഷിതമായി ഭരണസമിതിക്കുനേരെ തിരിഞ്ഞത്.

അഴിച്ചുപണിതിട്ടും അംഗങ്ങള്‍ക്കിടയില്‍ തുടരുന്ന ഭിന്നത മാറ്റാൻ കഴിയാതെ പാര്‍ട്ടി ജില്ലാ നേതൃത്വവും കുഴങ്ങി. ആദ്യ ടേമില്‍ സ്ഥിരംസമിതി അധ്യക്ഷരായിരുന്നവരെ മാറ്റി അഞ്ച് പുതുമുഖങ്ങളെ പകരം നിയോഗിക്കുകയായിരുന്നു. ഈ ടേമിലാണ് ഗായത്രി സ്ഥിരംസമിതി അധ്യക്ഷ പദത്തിലെത്തിയത്.

അതേസമയം പാര്‍ട്ടി യോഗത്തില്‍ മേയര്‍ക്കും കോര്‍പ്പറേഷൻ ഭരണത്തിനുമെതിരേ താൻ വിമര്‍ശനമുന്നയിച്ചു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഗായത്രി ബാബു പറഞ്ഞു. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഗായത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular