ആഭ്യന്തര എണ്ണക്കുരു ഉത്പാദനം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ അമിത ഇറക്കുമതി കര്‍ഷകതാത്പര്യങ്ങള്‍ക്ക് വിരുദ്ധമാവും. പാം ഓയില്‍, സോയാബീൻ, സൂര്യകാന്തി എണ്ണകളാണ് ഇറക്കുമതിയില്‍ മുന്നില്‍. വെളിച്ചെണ്ണയ്ക്ക് നേരിട്ട വിലയിടിവ് കൊപ്രയെയും ബാധിച്ചു. വിപണിയിലെ മാന്ദ്യം മൂലം വൻകിട ചെറുകിട മില്ലുകാര്‍ കൊപ്ര ശേഖരിക്കാതെ പിന്തിരിയുന്നത് നാളികേരോത്പന്നങ്ങളെ മൊത്തത്തില്‍ തളര്‍ത്തി. നാഫെഡിനു വേണ്ടി പച്ചത്തേങ്ങ സംഭരണം തുടങ്ങിയതും അനുകൂല തരംഗം സൃഷ്ടിച്ചില്ല.
ഇന്ത്യയിലെ ഉത്സവ സീസണ്‍ മുന്നില്‍ക്കണ്ട് ഇന്തോനേഷ്യയും മലേഷ്യയും വൻതോതില്‍ പാം ഓയില്‍ ഇന്ത്യയിലേയ്ക്ക് ഇതിനകം കയറ്റുമതി നടത്തി. കൊച്ചിയില്‍ പാം ഓയില്‍ 8400 രൂപയിലേയ്ക്ക് ഇടിഞ്ഞത് കൊപ്രയാട്ട് മില്ലുകാരുടെ നെഞ്ചിടിപ്പ് ഇരട്ടിപ്പിച്ചു. ഇറക്കുമതി എണ്ണകള്‍ വിപണി നിയന്ത്രണം കൈപ്പിടിയില്‍ ഒതുക്കിയതോടെ വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ആവശ്യം ചുരുങ്ങി. ഒരുമാസമായി 8150 രൂപയില്‍ സ്റ്റെഡിയായി നീങ്ങിയ കൊപ്ര വാരാന്ത്യം 8000ത്തിലേയ്ക്ക് ഇടിഞ്ഞു. കോഴിക്കോട് 8500ഉ ും കാങ്കയത്ത് വില 7750 രൂപയുമാണ്.