തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള മൃഗാശുപത്രിയും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം സെന്റര്‍ സൂ അതോറിറ്റിയുടെ അംഗീകാരം നേടിക്കഴിഞ്ഞതോടെ, തൃശൂര്‍ മൃഗശാലയില്‍ നിന്നുള്ള മൃഗങ്ങളും തിരുവനന്തപുരത്ത് നിന്നും കാട്ടുപോത്തും ഹിമാചല്‍പ്രദേശില്‍ നിന്നുള്ള കരടികളെയും കൊണ്ടുവരും.
വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി മൃഗങ്ങളെ എത്തിക്കാനുള്ള നടപടിക്രമങ്ങളും സ്വീകരിച്ചു വരികയാണ്. ഏതെല്ലാം മൃഗങ്ങള്‍ വിദേശങ്ങളില്‍ നിന്നെത്തുമെന്ന് വ്യക്തമായിട്ടില്ല.
അതേസമയം, സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ഭാഗമായി കുട്ടനല്ലൂര്‍ ഭാഗത്തെ കുപ്പിക്കഴുത്ത് റോഡിനും പരിഹാരമാവുകയാണ്. സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമായിട്ടുണ്ട്. 40 കോടി രൂപ ചെലവില്‍ അത്യാധുനിക സൗകര്യമുള്ള ഡിസൈൻ റോഡും ഒരു പാലവും കൂടി ഉള്‍പ്പെടുത്തി ടൂറിസം കോറിഡോര്‍ സാദ്ധ്യത ഉറപ്പാക്കാനുളള ശ്രമങ്ങളും നടക്കുന്നു.
വനം വന്യജീവി വാരാഘോഷം പരിപാടിയുടെ ഭാഗമായി സുവോളജിക്കല്‍ പാര്‍ക്കിന്റെ പ്രൗഢി വിളിച്ചോതുന്ന രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വനം വന്യജീവി വാരാഘോഷ സംഘാടകസമിതി യോഗം മന്ത്രി കെ.രാജൻ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തിരുന്നു. മന്ത്രി കെ. രാജൻ ചെയര്‍മാനായും പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ കണ്‍വീനറായും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്‍. കീര്‍ത്തി കോ – ഓര്‍ഡിനേറ്ററായും സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
മൃഗശാലയില്‍ നിന്ന് പക്ഷികള്‍ ഉടൻ പറക്കും
തൃശൂര്‍ മൃഗശാലയില്‍ നിന്ന് സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ജീവികളെ മാറ്റുന്നതിന് കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ആദ്യം മയിലിനെയാണ് എത്തിക്കുക. പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങിയ ജീവികളെ പലഘട്ടങ്ങളിലായി പുത്തൂരിലേക്ക് മാറ്റും. ഈ മാസം തന്നെ ജീവികളെ കൊണ്ടുവരാനാണ് ശ്രമം.
- വിസ്തൃതി: 350 ഏക്കര്‍
- ചെലവ്: 300 കോടി
- തൃശൂര്‍ മൃഗശാലയില്‍ നിന്ന് കൊണ്ടുവരുന്നത്: 439 മൃഗങ്ങള്‍
- കാടിന്റെ ശൗര്യം കാണാം
കൂട്ടിലിട്ട മൃഗങ്ങളുടെ കാഴ്ചയല്ല, കാടിന്റെ ശൗര്യമാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഒരുങ്ങുന്നത്.
അടച്ചിട്ട കൂടുകളില്‍ മൃഗങ്ങളെ കണ്ട് മടങ്ങുന്നതിന് പകരം വിശാലമായ ആവാസ വ്യവസ്ഥയിലുള്ള ജീവിതങ്ങള്‍ കണ്ടറിയാം. പുത്തൂരിനെ കേരളത്തിന്റെ തന്നെ പ്രധാന ടൂറിസം വില്ലേജുകളിലൊന്നാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. അങ്ങനെ തൃശൂരിന്റെ ഹൃദയഭംഗി വര്‍ദ്ധിക്കുകയാണ്.
– കെ.രാജൻ, റവന്യൂ മന്ത്രി