അഞ്ചല്‍: നിര്‍മാണം പൂര്‍ത്തിയാകാത്ത അഞ്ചല്‍ ബൈപാസിലൂടെയുള്ള രാത്രിയാത്രയും അമിതവേഗവും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
പാതയില്‍ അപകടങ്ങള്‍ നിത്യസംഭവമായി മാറി. വേഗം നിയന്ത്രിക്കുന്നതിന് ഒരുക്കിയിട്ടുള്ള താല്‍ക്കാലിക സംവിധാനങ്ങള്‍ അപകടം കുറക്കുന്നതിന് പര്യാപ്തമാകുന്നില്ല.
വഴിവിളക്കുകള്‍ സ്ഥാപിക്കാത്തതിനാല്‍ കൂരിരുട്ടാണ് പാതയിലുടനീളം. സൈൻ ബോര്‍ഡുകളോ റിഫ്ലക്ടറുകളോ സ്ഥാപിച്ചിട്ടില്ല. പാതയില്‍ പൊലീസിന്‍റെ സാന്നിധ്യം ഉണ്ടാകില്ലെന്ന് കരുതി മദ്യപിച്ച് വാഹനമോടിക്കുന്നവരും ഏറെയാണ്. കഴിഞ്ഞ ദിവസം റോഡരികില്‍ കിടന്നുറങ്ങിയ ആള്‍ റോഡ് റോളര്‍ കയറി മരിച്ച സംഭവമുണ്ടായി.
വെളിച്ചമില്ലാതിരുന്നതിനാലാണ് ഡ്രൈവര്‍ക്ക് റോഡില്‍ കിടന്ന ആളെ കാണാൻ പറ്റാതെ വന്നതത്രേ. ഏതാനും ദിവസം മുമ്ബ് റോഡരികിലെ കൈവരിയും നടപ്പാതയും വൈദ്യുത പോസ്റ്റും തകര്‍ത്ത കാറപകടവുമുണ്ടായി. ഇത്തരത്തിലുള്ള നിരവധി അപകടങ്ങളാണ് അടുത്ത കാലത്തായി ഇവിടെ നടന്നിട്ടുള്ളത്. അഞ്ചല്‍ പൊലീസിന്‍റെയും പൊതുമരാമത്ത് അധികൃതരുടെയും ഇടപെടല്‍ വിഷയത്തില്‍ ഉണ്ടാകണമെന്നാണ് ആവശ്യം.