കോഴിക്കോട്: നിപയില്‍ പുതിയ കേസുകള്‍ ഒന്നും റിപ്പോട്ട് ചെയ്‌തിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഗുരുതരാവസ്ഥയില്‍ തുടര്‍ന്നിരുന്ന ഒമ്ബതുവയസുകാരന്റെ വെന്റിലേറ്റര്‍ സപ്പോര്‍ട്ട് താത്കാലികമായി മാറ്റി. നിലവില്‍ ഓക്സിജൻ സപ്പോര്‍ട്ടുണ്ട്. പ്രതീക്ഷാ നിര്‍ഭരമാണ് കുട്ടിയുടെ സ്ഥിതിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
നിലവില്‍ 1233 പേരാണ് സമ്ബര്‍ക്കപ്പട്ടികയിലുള്ളത്. 23 പേര്‍ മെഡിക്കല്‍ കോളേജില്‍ അഡ്‌മിറ്റ് ആയിട്ടുണ്ട്. ഐ.എം.സി.എച്ചില്‍ നാല് പേര്‍ അഡ്മിറ്റാണ്. 36 വവ്വാലുകളുടെ സാമ്ബിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ച് അയച്ചു. 24 മണിക്കൂറും ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സെക്കൻഡറി തലത്തിലേക്ക് പോയിട്ടില്ല. ആദ്യത്ത നിപ കേസില്‍ നിന്നാണ് എല്ലാവര്‍ക്കും രോഗം ബാധിച്ചിരിക്കുന്നത്. സ്ഥിതി നിയന്ത്രണ വിധേയമാണ്. പോസിറ്റീവായ വ്യക്തികള്‍ മരുന്നിനോട് പ്രതികരിക്കുന്നതും പ്രധാനകാര്യമാണ്. നിപ പ്രതിരോധം പാളി എന്നൊക്കെ പറയുന്നത് ആളുകളില്‍ ആശങ്ക ഉണ്ടാക്കുമെന്നും വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി.
അതേസമയം തിരുവനന്തപുരത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ പരിശോധനാഫലം നെഗറ്റീവ് ആയത് തലസ്ഥാനത്തിന് ആശ്വാസമായി. കോഴിക്കോട് നിന്ന് തലസ്ഥാനത്തെത്തിയ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ ഫലമാണ് നെഗറ്റീവായത്. വിദ്യാര്‍ത്ഥിയ്ക്ക് പനി ബാധിച്ചതോടെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം കാട്ടാക്കട സ്വദേശിനിയെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ അടുത്ത ബന്ധുക്കള്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെ പനിയുണ്ടായതോടെ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിക്കുകയായിരുന്നു