തിരുവനന്തപുരം: കൈക്കുഞ്ഞുമായി ജോലിയില്‍ മുഴുകിയിരിക്കുന്ന തലസ്ഥാന നഗരിയുടെ മേയര്‍ ആര്യ രാജേന്ദ്രന്റെ ചിത്രത്തിന് സമൂഹ മാദ്ധ്യമങ്ങളില്‍ വൻ വരവേല്‍പ്പ്.
ഒരു മാസം പ്രായമായ കുഞ്ഞ് ദുവാ ദേവിനെ കൈയിലൊതുക്കി മേയര്‍ ഫയല്‍ പരിശോധിക്കുന്നതാണ് ചിത്രം. യൂറോപ്യൻ എം പി കുഞ്ഞുമായി പാര്‍ലമെന്റിലെത്തിയ വാര്‍ത്തയ്ക്ക് സമാനമായി മേയറുടെ ചിത്രം വല്ലാത്ത സന്തോഷം പകരുന്നു എന്നതടക്കമുള്ള അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹമാദ്ധ്യമത്തില്‍ പങ്കുവയ്ക്കപ്പെടുന്നത്.
മേയര്‍ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എം എല്‍ എയ്ക്കും കഴിഞ്ഞ മാസം പത്തിനാണ് തിരുവനന്തപുരത്തെ എസ് എ ടി ആശുപത്രിയില്‍ വച്ച് പെണ്‍ കുഞ്ഞ് ജനിച്ചത്. 2022 സെപ്തംബര്‍ നാലിനായിരുന്നു ബാലുശേരി എംഎല്‍എ കെ എം സച്ചിൻദേവും ആര്യയും വിവാഹിതരായത്. തിരുവനന്തപുരം എകെജി ഹാളില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി മുഹമ്മദ് റിയാസ്, മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്. ആള്‍ സെയിന്റ്സ് കോളജില്‍ പഠിക്കുമ്ബോള്‍ 21-ാം വയസിലാണ് ആര്യ രാജേന്ദ്രൻ മേയറാകുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ കൂടിയാണ് ആര്യ.