Saturday, July 27, 2024
HomeKeralaഗുരുതര ആരോഗ്യ പ്രശ്നമുണ്ടായിരുന്ന ഒമ്ബതുകാരനെ വെന്റിലേറ്ററില്‍നിന്ന് മാറ്റി

ഗുരുതര ആരോഗ്യ പ്രശ്നമുണ്ടായിരുന്ന ഒമ്ബതുകാരനെ വെന്റിലേറ്ററില്‍നിന്ന് മാറ്റി

കോഴിക്കോട്: നിപ രണ്ടുപേരുടെ ജീവനപഹരിച്ചെങ്കിലും വൈറസ് ബാധിതരില്‍ നിന്ന് വലിയ ശുഭസൂചനകള്‍. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ള നാലുപേരുടെയും ആരോഗ്യനിലയില്‍ നല്ല പുരോഗതിയാണുള്ളത്.

അതിഗുരുതരാവസ്ഥയിലായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഒമ്ബതുവയസ്സുകാരനെ കഴിഞ്ഞ ദിവസം ഉച്ചയോടെ വെന്റിലേറ്ററില്‍നിന്ന് മാറ്റി. ശ്വാസതടസ്സം രൂക്ഷമാവുകയും അപസ്മാരമടക്കം വന്ന് ബോധക്ഷയമുണ്ടാവുകയും ചെയ്തതോടെയാണ് ഈ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നത്. ഇപ്പോള്‍ ഓക്സിജൻ ചെറിയ അളവില്‍ നില്‍ക്കുന്നുവെന്നും പരിചരിക്കുന്നവര്‍ പറയുന്നത് കുട്ടിക്ക് മനസ്സിലാവുന്നുണ്ടെന്നും ചികിത്സക്ക് മേല്‍നോട്ടം വഹിക്കുന്ന ആസ്റ്റര്‍ മിംസിലെ ഫിസിക്കല്‍ കെയര്‍ മെഡിസിൻ ഡയറക്ടര്‍കൂടിയായ ഡോ. എ.എസ്. അനൂപ് കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കുട്ടിയുടെ ശ്വാസതടസ്സത്തില്‍ വലിയ കുറവുണ്ട്. കൈകാലുകള്‍ ഇളക്കുകയും കണ്ണുകള്‍ തുറന്നുനോക്കുന്നുമുണ്ട്. അതേസമയം, കുട്ടി വ്യക്തമായി സംസാരിക്കാൻ തുടങ്ങിയിട്ടില്ല.

കുട്ടിക്കൊപ്പംതന്നെ ചികിത്സയിലുള്ള 25കാരനും പനി പൂര്‍ണമായും ഭേദമായി. നിലവില്‍ ചെറിയതോതിലുള്ള ചുമ മാത്രമേയുള്ളൂ. നിപയെ തുടര്‍ന്ന് ആഗസ്റ്റ് 30ന് മരിച്ച കുറ്റ്യാടി കള്ളാട് സ്വദേശി മുഹമ്മദലിയുടെ മകനും ഭാര്യാസഹോദരനുമായ ഇരുവരുടെയും സ്രവ സാമ്ബിളുകള്‍ വീണ്ടും ഉടൻ പരിശോധിക്കും. പി.സി.ആര്‍ പരിശോധന പോസിറ്റിവ് ആയാലും ശരീരത്തില്‍ വൈറസ് സാന്നിധ്യമുണ്ടെന്ന് പറയാനാവില്ലെന്നും രോഗലക്ഷണങ്ങള്‍ ഇല്ലാതാവുന്നതുതന്നെ വൈറസിന്റെ സാന്നിധ്യം ശരീരത്തില്‍നിന്നൊഴിയുന്നു എന്നാണ് ശാസ്ത്രീയമായി വിശദീകരിക്കപ്പെട്ടിട്ടില്ലെങ്കിലും പിന്തുടരുന്ന മാര്‍ഗങ്ങളനുസരിച്ച്‌ കണക്കാക്കുകയെന്നും ചികിത്സിക്കുന്ന ഡോക്ടര്‍ വ്യക്തമാക്കി.

വൈറസ് ബാധിച്ച്‌ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ആരോഗ്യ പ്രവര്‍ത്തകനും വലിയ പുരോഗതിയുണ്ട്. ഇദ്ദേഹത്തിന്റെ രോഗലക്ഷണങ്ങളില്‍പോലും വലിയ മാറ്റമുണ്ട്. മുഹമ്മദലിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ആളാണ് ഈ 24കാരൻ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ചെറുവണ്ണൂര്‍ സ്വദേശിയായ 39കാരനും രോഗ തീവ്രതയില്‍ വലിയ വ്യത്യാസമായി. മുഹമ്മദലി ചികിത്സക്കെത്തിയപ്പോള്‍ മറ്റൊരു രോഗിക്കൊപ്പം ആശുപത്രിയിലെത്തിയ ആളാണ് ഇദ്ദേഹം. ചികിത്സയിലുള്ളവരുടെ ആരോഗ്യ നില പൊതുവേ തൃപ്തികരമാണെന്ന് അവലോകന യോഗശേഷം ആരോഗ്യമന്ത്രി വീണ ജോര്‍ജും വ്യക്തമാക്കി. അതിനിടെ മരിച്ച മുഹമ്മദലിയുടെ ബന്ധുക്കള്‍, മയ്യിത്ത് കുളിപ്പിച്ചവര്‍, ഖബറടക്കം നടത്തിയവര്‍ എന്നിവരടക്കമുള്ളവരുടെ പരിശോധന ഫലങ്ങള്‍ നെഗറ്റിവായതും വലിയ ആശ്വാസമായി.

RELATED ARTICLES

STORIES

Most Popular