ഡല്‍ഹി: കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ വനിതാ സംവരണ ബില്ല് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ഇന്നലെ വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ പ്രത്യേക ക്യാബിനറ്റ് യോഗത്തില്‍ വനിതാ സംവരണ ബില്ലിന് അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
ലോക്സഭയിലും നിയമസഭയിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബില്ല് കൊണ്ടുവരുന്നത്.
നിലവില്‍ വനിതാ എംപിമാര്‍ ലോക്‌സഭയിലെ അംഗസംഖ്യയുടെ 15 ശതമാനത്തില്‍ താഴെയാണ്. പല സംസ്ഥാന അസംബ്ലികളിലും പ്രാതിനിധ്യം 10 ശതമാനത്തില്‍ താഴെയുമാണ്. 27 വര്‍ഷമായി സംവരണ ബില്ല് ചര്‍ച്ചയാണെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ അന്തിമ ചുവട് വെക്കാന്‍ സാധിച്ചിട്ടില്ല. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യാനുള്ള ബില്‍ 2010-ല്‍ രാജ്യസഭ പാസാക്കിയതാണ് അവസാനത്തെ പ്രധാന സംഭവ വികാസം. എന്നാല്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടതോടെ ബില്‍ അസാധുവായി.
ബി ജെ പിയും കോണ്‍ഗ്രസും ബില്ലിനെ എല്ലായ്പ്പോഴും പിന്തുണച്ചിട്ടുണ്ടെങ്കിലും, മറ്റ് പാര്‍ട്ടികളുടെ എതിര്‍പ്പും വനിതാ ക്വാട്ടയ്ക്കുള്ളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം വേണമെന്ന ചിലരുടെ ആവശ്യങ്ങളുമാണ് പ്രധാന തടസ്സങ്ങളായി ഉയര്‍ന്ന് വന്നത്. അതേസമയം, തിങ്കളാഴ്ച ആരംഭിക്കുന്ന അഞ്ച് ദിവസത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ കൊണ്ടുവരുന്നതിനും പാസാക്കുന്നതിനുമായി ഞായറാഴ്ച പല പാര്‍ട്ടികളും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതോടെ “ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കും” എന്ന് സര്‍ക്കാര്‍ അറിയിച്ചു.
നിലവിലെ ലോക്‌സഭയില്‍ 78 വനിതാ അംഗങ്ങള്‍ മാത്രമാണുള്ളത്. ഇത് മൊത്തം അംഗസംഖ്യയായ 543-ന്റെ 15 ശതമാനത്തില്‍ താഴെയാണ്. കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ പാര്‍ലമെന്റുമായി പങ്കുവെച്ച കണക്കുകള്‍ പ്രകാരം രാജ്യസഭയിലും സ്ത്രീകളുടെ പ്രാതിനിധ്യം ഏകദേശം 14 ശതമാനമാണ്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, ത്രിപുര, പുതുച്ചേരി, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, ഒഡീഷ, സിക്കിം, തമിഴ്നാട്, തെലങ്കാന, തുടങ്ങി നിരവധി സംസ്ഥാന അസംബ്ലികളില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് വനിതാ പ്രാതിനിധ്യം.
2022 ഡിസംബറിലെ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ബീഹാര്‍, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ 10-12 ശതമാനം വനിതാ എംഎല്‍എമാരുണ്ട്. ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവടങ്ങളിലും യഥാക്രമം 14.44, 13.7, 12.35 ശതമാനവും വനിതാ എംഎല്‍എമാരുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി, ബി ജെ ഡിയും ബി ആര്‍ എസും ഉള്‍പ്പെടെ നിരവധി പാര്‍ട്ടികള്‍ ബില്‍ പുനരുജ്ജീവിപ്പിക്കാൻ ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഞായറാഴ്ച നടന്ന ഹൈദരാബാദ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസും ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. മൂന്നിലൊന്ന് സംവരണം സ്ത്രീകള്‍ക്ക് ഉണ്ടാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മൂന്ന് തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം എല്ലാ മണ്ഡലങ്ങളും ഒരിക്കല്‍ സംവരണം ചെയ്യപ്പെടുന്ന രീതിയിലാണ് ബില്‍ വരുന്നതെന്നും സൂചനയുണ്ട്.
2008-2010-ലെ ശ്രമം പരാജയപ്പെട്ടതിന് മുമ്ബ്, 1996, 1998, 1999 വര്‍ഷങ്ങളില്‍ സമാനമായ ഒരു ബില്‍ സംബന്ധിച്ച ചര്‍ച്ചയും ഉയര്‍ന്ന് വന്നിരുന്നു. ഗീതാ മുഖര്‍ജി അധ്യക്ഷയായ സംയുക്ത പാര്‍ലമെന്ററി സമിതി 1996ലെ ബില്‍ പരിശോധിച്ച് ഏഴ് ശുപാര്‍ശകളും നല്‍കി. ഇതില്‍ അഞ്ചെണ്ണം 2008-ലെ ബില്ലില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അജ്മൽ എം.കെ