അദാനി സംരംഭങ്ങളുടെ ഓഹരി വിലകളും അക്കൗണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ഹിൻഡൻബര്‍ഗ് റിസര്‍ച്ചിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിക്ഷേപകര്‍ക്ക് കോടികളുടെ നഷ്ടമുണ്ടായ സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് മാര്‍ച്ച് രണ്ടിന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് സാപ്രെ കമ്മിറ്റിയുടെ അന്വേഷണം നിഷ്പക്ഷമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ചെയര്‍മാൻ ഒ.പി. ഭട്ട്, റിട്ടയേര്‍ഡ് ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജെ.പി. ദേവധര്‍, ന്യൂ ഡെവലപ്മെന്‍റ് ബാങ്ക് ഓഫ് ബ്രിക് രാജ്യങ്ങളുടെ മുൻ മേധാവി കെ.വി. കാമത്ത്, ഇൻഫോസിസിന്‍റെ സഹസ്ഥാപകനും ഓഹരി വിദഗ്ധനുമായ നന്ദൻ നിലേകനി, അഭിഭാഷകനായ സോമശേഖര്‍ സുന്ദരേശൻ എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങള്‍.
അദാനി-ഹിൻഡൻബര്‍ഗ് ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)ക്കെതിരേ വിദഗ്ധ സമിതി രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. അദാനി സംരംഭങ്ങളുമായി ബന്ധപ്പെട്ട 12 വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) ഉള്‍പ്പെടെ 13 വിദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയെക്കുറിച്ചുള്ള വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ അവ്യക്തതകള്‍ ഉണ്ടായിരുന്നതായി പരാതിക്കാരിയായ അനാമിക ജയ്സ്വാള്‍ ചൂണ്ടിക്കാട്ടി.
വിദഗ്ധ സമിതിയിലെ അംഗമായ എസ്ബിഐ മുൻ ചെയര്‍മാൻ ഒ.പി. ഭട്ട് നിലവില്‍ അദാനി ഗ്രൂപ്പുമായി വ്യാപാര ബന്ധങ്ങളുള്ള പുനരുപയോഗ ഊര്‍ജ കന്പനിയായ ഗ്രീൻകോയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതായും മുൻ മദ്യവ്യവസായി വിജയ് മല്യക്ക് വായ്പ വിതരണം ചെയ്തതില്‍ വഴിവിട്ട് പ്രവര്‍ത്തിച്ചുവെന്ന കേസില്‍ ഒ.പി. ഭട്ടിനെ 2018 മാര്‍ച്ചില്‍ സിബിഐ ചോദ്യം ചെയ്തിരുന്നതായും പരാതിക്കാരിക്കു വേണ്ടി ഹാജരായ അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ചെറില്‍ ഡിസൂസ എന്നിവര്‍ ചൂണ്ടിക്കാട്ടി.