Saturday, July 27, 2024
HomeGulfജന്മദിനം പിതാവിനൊപ്പം ജയിലില്‍ ആഘോഷിച്ച്‌ മകള്‍

ജന്മദിനം പിതാവിനൊപ്പം ജയിലില്‍ ആഘോഷിച്ച്‌ മകള്‍

ദുബൈ: സെന്‍ട്രല്‍ ജയിലില്‍ അന്തേവാസിയായ പിതാവിനൊപ്പം ജന്മദിനം ആഘോഷിക്കാനുള്ള മകളുടെ ആഗ്രഹം സാക്ഷാത്കരിച്ചു നല്‍കി ദുബൈ പൊലീസ്.

കഴിഞ്ഞ ദിവസമാണ് പിതാവും മകളും തമ്മിലുള്ള അപൂര്‍വ സംഗമത്തിന് ദുബൈ സെൻട്രല്‍ ജയില്‍ സാക്ഷിയായത്.

യു.എ.ഇ പൗരനല്ലാത്ത ഇദ്ദേഹം ജോലി ആവശ്യാര്‍ഥമാണ് ആറു വര്‍ഷം മുമ്ബ് യു.എ.ഇയിലെത്തുന്നത്. എന്നാല്‍, ചില സാമ്ബത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ജയിലില്‍ അകപ്പെടുകയായിരുന്നു.

പിന്നാലെ കോവിഡ് മൂലം ലോകം മുഴുവൻ സ്തംഭിച്ചതോടെ കുടുംബവുമായി ബന്ധപ്പെടാനും സാധിച്ചില്ല. ആറു വര്‍ഷത്തിന് ശേഷം കുടുംബവുമൊത്ത് ദുബൈയിലെത്തിയ മകള്‍ പിതാവിനെ കാണാനുള്ള തന്‍റെ ആഗ്രഹം ദുബൈ പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കിയ പൊലീസ് മകളെ ജയിലിലെത്തിച്ചു. സര്‍പ്രൈസ് നല്‍കാനായി ഈ വിവരം പൊലീസ് അദ്ദേഹത്തില്‍ നിന്നും മറച്ചുവെച്ചിരുന്നു. മകളെ അപ്രതീക്ഷിതമായി ജയിലില്‍ വെച്ച്‌ കണ്ട പിതാവ് അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഇരുവരും ചേര്‍ന്ന് കേക്ക് മുറിച്ച്‌ ജന്മദിനം ആഘോഷിക്കാനുള്ള സൗകര്യവും പൊലീസ് ചെയ്തുനല്‍കിയിരുന്നു.

ജയില്‍ അന്തേവാസികള്‍ക്ക് സന്തോഷം പകരുന്നതിനാണ് ഇത്തരമൊരു കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയതെന്ന് ജയില്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മര്‍വാൻ അബ്ദുല്‍ കരിം പറഞ്ഞു. ദുബൈ ജയിലില്‍ ഒരുക്കിയിട്ടുള്ള വിഷ്വല്‍ കമ്യൂണിക്കേഷൻ സംവിധാനം വഴി രാജ്യത്തിനകത്തും പുറത്തുമുള്ള ബന്ധുക്കളുമായി ജയില്‍ അന്തേവാസികള്‍ക്ക് സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

RELATED ARTICLES

STORIES

Most Popular