Saturday, July 27, 2024
HomeIndiaകോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഹോര്‍ഡിങ്ങില്‍ ഒരേ കര്‍ഷകന്റെ ചിത്രം; ഡിസൈനറുടെ പിഴവെന്ന് ബിജെപി

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഹോര്‍ഡിങ്ങില്‍ ഒരേ കര്‍ഷകന്റെ ചിത്രം; ഡിസൈനറുടെ പിഴവെന്ന് ബിജെപി

ത്തീസ്ഗഡിലെ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരും ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരും തമ്മില്‍ എന്തെങ്കിലും സമാനതകള്‍ ഉണ്ടോ?

ഈ ചോദ്യവും അതിനുള്ള ഉത്തരവുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം.

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നിന്നുള്ള കര്‍ഷകനായ ഹര്‍നം സിംഗ് ആണ് ഇരുവരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണി. മൂന്ന് വര്‍ഷം മുൻപ്, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌, കര്‍ഷക ക്ഷേമ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഒരു കട്ട് ഔട്ട് സ്ഥാപിച്ചിരുന്നു. ഭൂപേഷ് ബാഗേലിനൊപ്പം കര്‍ഷകനായ ഹര്‍നം സിംഗ് ആണ് ഈ കട്ട്‌ഔട്ടില്‍ ഇടം പിടിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷം, യുപി സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു ഹോര്‍ഡിങ്ങില്‍ ഉള്ളതും ഇതേ ഹര്‍നം സിംഗിന്റെ ചിത്രമാണ്. ഇതെങ്ങനെ ഒരു പോലെ ആയി എന്നാണ് പലരുടെയും ചോദ്യം. കോണ്‍ഗ്രസിന്റെ കട്ട്‌ഔട്ടിലെ അതേയാളെ തങ്ങളുടെ ഹോര്‍ഡിങ്ങിലും കൊണ്ടുവന്നത് ബിജെപിക്ക് അല്‍പം നാണക്കേട് ഉണ്ടാക്കുന്നുണ്ടെങ്കിലും അത് ഡിസൈനര്‍ക്കു പറ്റിയ അബദ്ധം ആണെന്നാണ് പാര്‍ട്ടി പറയുന്നത്.

കോണ്‍ഗ്രസ് പുറത്തറക്കിയ കട്ട്‌ഔട്ടുകളില്‍ ഹര്‍നം സിംഗിനൊപ്പം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ചിത്രവും ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലും കര്‍ഷകര്‍ക്കുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ എടുത്തുകാണിച്ച്‌ പാര്‍ട്ടി പ്രചരണം നടത്തിയിരുന്നു. 1,500 കോടി രൂപയുടെ രാജീവ് ഗാന്ധി ന്യായ് യോജന, 4.5 കോടി രൂപയുടെ ഗോധൻ ന്യായ് യോജന, 233 കോടി രൂപയുടെ തെണ്ടു പട്ട സംഗ്രഹൻ പ്രോത്സാഹൻ തൊഴില്‍ പദ്ധതി എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. മുഖ്യമന്ത്രിയെ കൂടാതെ നിരവധി കോണ്‍ഗ്രസ് നേതാക്കളും സോഷ്യല്‍ മീഡിയയില്‍ ഹര്‍നം സംഗിന്റെ ചിത്രം പതിച്ച പോസ്റ്ററുകള്‍ പങ്കുവെച്ചിരുന്നു.

മൂന്ന് വര്‍ഷത്തിന് ശേഷം, ലഖ്‌നൗവിലെ പല സ്ഥലങ്ങളിലും യുപി സര്‍ക്കാര്‍ സ്ഥാപിച്ച ഹോര്‍ഡിങ്ങുകളില്‍ സിംഗിന്റെ ചിത്രങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ലഖ്‌നൗവിലെ ഗോമതി റിവര്‍ ഫ്രണ്ട് ഏരിയയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന അത്തരം ഒരു ഹോര്‍ഡിംഗ് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയെക്കുറിച്ചുള്ളതാണ് ഹോര്‍ഡിങ്ങ്. ഇതിനകം 2.63 കോടി രൂപ 60,845 കോടി രൂപ കര്‍ഷകര്‍ക്ക് ഈ പദ്ധതി വഴി കൈമാറിയതായും ഇതില്‍ പറയുന്നു. ഹര്‍നം സിംഗിനെ കൂടാതെ യോഗി ആദിത്യനാഥിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രവും ഹോര്‍ഡിംഗില്‍ ഉണ്ട്.

ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ പരസ്യത്തില്‍ തന്റെ ചിത്രം ഉപയോഗിച്ചത് എപ്പോഴാണെന്ന് അറിയില്ലെന്നാണ് ഭാരതീയ കിസാൻ യൂണിയനിലെ അംഗം കൂടിയായ ഹര്‍നം സിംഗ് ഇതേക്കുറിച്ച്‌ പ്രതികരിച്ചത്. “സര്‍ക്കാര്‍ പരസ്യത്തില്‍ ഞാൻ ഇടം നേടിയതില്‍ എനിക്ക് സന്തോഷമുണ്ട്, എന്നാല്‍ യുപിയിലെ കര്‍ഷകരെ സ്വയം പര്യാപ്തരും വേണ്ടത്ര വരുമാനമുള്ളവരുമാക്കാൻ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്,” സിംഗ് പറഞ്ഞു.

”ഇത് ഡിസൈനറുടെ ഭാഗത്തു നിന്നും ഉണ്ടായ പിഴവാണ്. ഡിസൈനര്‍ ഇൻറര്‍നെറ്റില്‍ ലഭ്യമായതില്‍ നിന്നും ഒരു കര്‍ഷകന്റെ ചിത്രം തിരഞ്ഞെടുക്കുകയായിരുന്നു”, മുതിര്‍ന്ന ബിജെപി നേതാവ് പ്രവീണ്‍ ഗാര്‍ഗ് പറഞ്ഞു.

RELATED ARTICLES

STORIES

Most Popular