തിരുവനന്തപുരം: ഇന്‍ഡ്യ മുന്നണിയില്‍ നിന്നുമുള്ള സിപിഐഎമ്മിന്റെ പിന്മാറ്റം കേരള ഘടകത്തിന്റെ സമ്മര്‍ദ്ദം മൂലമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
ബിജെപിക്ക് എതിരായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടക്കുന്ന വര്‍ഗീയ വിരുദ്ധ ഫാസിസ്റ്റ് മുന്നണിയുമായി സഹകരിക്കേണ്ടെന്നാണ് കേരളത്തിലെ സിപിഎമ്മിന്റെ തീരുമാനം. കേരളത്തിലെ സിപിഎം അങ്ങനെ തീരുമാനിക്കാനുള്ള കാരണം കള്ളക്കടത്ത് കേസ്, ലൈഫ് മിഷന്‍ കേസ് ലാവ്‌ലിന്‍ കേസ് സിഎംആര്‍എല്‍ വിവാദം അടക്കമുള്ള വിഷയങ്ങളില്‍ ബിജെപി നേതൃത്വവുമായി അവര്‍ക്ക് ഒത്തുതീര്‍പ്പ് ഉള്ളതു കൊണ്ടാണ്. ബിജെപി നേതൃത്വത്തെ ഭയപ്പെട്ടിട്ടും അവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയുമാണ് കേരളത്തിലെ സിപിഐഎം നേതൃത്വം ഇന്‍ഡ്യ മുന്നണിയുമായി സഹകരിക്കേണ്ട എന്ന നിലപാട് എടുക്കാന്‍ ദേശീയ നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന്റെ കടം സര്‍ക്കാര്‍ തീര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കര്‍ഷക ആത്മഹത്യയ്ക്ക് ഉത്തരവാദി സര്‍ക്കാരാണ്. ഇനിയൊരു കര്‍ഷക ആത്മഹത്യ കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ കര്‍ഷകരില്ല. ഉണ്ടായിരുന്നെങ്കില്‍, പ്രതികൂല സഹചര്യങ്ങളോട് പൊരുതി കൃഷിയിറക്കി ഉല്പാദിപ്പിച്ച വിള ശേഖരിച്ചിട്ട് അതിന്റെ പണം കര്‍ഷകര്‍ക്ക് കൊടുക്കാതിരിക്കുമായിരുന്നില്ല. മറ്റ് കാര്യങ്ങള്‍ക്ക് സര്‍ക്കാരിന് പണം ഉണ്ട്. അഖിലകേരള സഭാ എന്നു പറഞ്ഞ് സൗദി അറേബ്യയിലേക്ക് പോകാന്‍ സര്‍ക്കാരിന് പണമുണ്ട്. അതിനാണോ സംസ്ഥാനം മുന്‍ഗണന നല്‍കേണ്ടത്. ഇതേ അലംഭാവം തന്നെയാണ് റബര്‍കര്‍ഷകരുടെ കാര്യത്തിലും ഉള്ളതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നികുതി സംവിധാനം പരിതാപകരമാക്കിയത് തോമസ് ഐസക്ക് ആണെന്നും സംസ്ഥാനത്ത് ധനപ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ സര്‍ക്കാര്‍ ആണെന്നും അദ്ദേഹം ആരോപിച്ചു.
മന്ത്രി കെ രാധാകൃഷ്ണനെതിരായ ജാതി അധിക്ഷേപം ഞെട്ടിക്കുന്നത് ആണെന്നും ഇത് കേരളത്തിന് നാണക്കേട് ആണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഏത് ക്ഷേത്രമാണെന്ന് മന്ത്രി വെളിപ്പെടുത്തണം. ഉത്തരവാദികളായവര്‍ക്ക് എതിരെ നടപടി ഉണ്ടാകണം എന്നും വി ഡി സതീശൻ പറഞ്ഞു.
ഇ ഡി തെറ്റായ കാര്യങ്ങള്‍ ചെയ്‌താല്‍ ഒന്നിച്ചു ചോദ്യം ചെയ്യാം എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രാഷ്ട്രീയ ലക്ഷ്യത്തോടെ ഇ ഡി ഒരു സിപിഐഎം നേതാവിനെ കേസില്‍ കുടുക്കിയാല്‍ അതിനെ എതിര്‍ക്കാൻ യുഡിഎഫ് കൂടെ നില്‍ക്കുമെന്നും പറഞ്ഞു. ഇ ഡി സുധാകരനെ വിളിപ്പിച്ചപ്പോള്‍ സിപിഐഎമ്മിന് സന്തോഷം ആയിരുന്നു, സ്വന്തം വീട്ടില്‍ കയറുമ്ബോള്‍ മാത്രം എന്തിനാണ് വേദന എന്നും ചോദിച്ചു.
സോളാറില്‍ യുഡിഎഫില്‍ ആശയകുഴപ്പമില്ല എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അന്വേഷണം നടന്നില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. നിയമവിദഗ്ദരുമായി കൂടിയാലോചന നടത്തി കൊട്ടാരക്കര കോടതിയിലെ കേസ് ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
സമരത്തിന് ഫീസ് ഏര്‍പ്പെടുത്തിയത് പ്രാകൃതമായ നിലപാട് ആണെന്നും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആണെങ്കില്‍ ഈ തീരുമാനം പിൻവലിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ സാമ്ബത്തികമായി ഞെരുക്കാൻ സര്‍ക്കാര്‍ ശ്രമിച്ചു. അന്യായമായി കേസുകള്‍ ചുമത്തി. പ്രതിമാസം പ്രതിപക്ഷത്തിന് കേസുകള്‍ നടത്താൻ ലക്ഷങ്ങള്‍ വേണം. പ്രതിപക്ഷം പണം നല്‍കില്ല. അതിൻറെ പേരില്‍ കേസെടുക്കട്ടെ, ജപ്തി ചെയ്യട്ടെ ഞങ്ങള്‍ നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.