വെള്ളമുണ്ട: മാനന്തവാടി-നിരവില്‍ പുഴ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം പതിവാകുന്നു.
വിദ്യാര്‍ഥികളെ കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ദിവസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് കാരണം. വെള്ളമുണ്ട എട്ടേനാല്‍, പത്താം മൈല്‍ തുടങ്ങിയ പ്രധാന ടൗണുകളിലെല്ലാം നാട്ടുകാരും ബസ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കം പതിവാകുകയാണ്.
ചൊവ്വാഴ്ച നിരവില്‍പുഴയിലേക്കുള്ള സ്വകാര്യ ബസില്‍ കയറാൻ നിന്ന വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി എന്നാരോപിച്ച് ഏട്ടേനാലില്‍ നാട്ടുകാരും ബസ് ജീവനക്കാരും തമ്മില്‍ ഏറെനേരം സംഘര്‍ഷമുണ്ടായി. വെള്ളമുണ്ട സ്റ്റേഷനില്‍നിന്ന് പൊലീസുകാര്‍ എത്തിയാണ് താല്‍ക്കാലിക പരിഹാരം ഉണ്ടാക്കിയത്.
മാനന്തവാടി ഭാഗത്തേക്ക് പോകുന്ന യാത്രക്കാരെ കയറ്റുന്നതിന് ഏര്‍പ്പെടുത്തിയ സ്റ്റോപ്പിന് 100 മീറ്റര്‍ മാറി പാല്‍ സൊസൈറ്റിക്ക് സമീപത്തുനിന്ന് മറ്റു യാത്രക്കാരെ കയറ്റുകയും ശേഷം കുട്ടികള്‍ക്ക് അരികിലെത്തി ബസില്‍ സ്ഥലമില്ലെന്ന് പറഞ്ഞ് കയറ്റാതെ പോവുകയുമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് കഴിഞ്ഞ ദിവസവും നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു.
ജില്ലയില്‍ തന്നെ സ്കൂള്‍ സമയങ്ങളില്‍ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന റൂട്ടാണിത്. നാമമാത്രമായ സര്‍വിസുകള്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സി ഈ റൂട്ടില്‍ നടത്തുന്നത്. സ്വകാര്യ ബസുകളെയാണ് യാത്രക്കാര്‍ കൂടുതലും ആശ്രയിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസ് വരുന്നത് നോക്കാനും ഓട്ടോറിക്ഷകളില്‍ യാത്രക്കാരെ കയറ്റുന്നുണ്ടോയെന്ന് പരിശോധിക്കാനും പ്രധാന സ്റ്റോപ്പുകളില്‍ സ്വകാര്യ ബസ് മുതലാളിമാര്‍ ഏജന്റുമാരെ നിയമിച്ചിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി ബസ് ഓരോ സ്റ്റോപ്പില്‍ എത്തുമ്ബോഴും അടുത്ത സ്റ്റോപ്പില്‍ നില്‍ക്കുന്ന സ്വകാര്യ ബസുകള്‍ക്ക് ഫോണ്‍ വഴി വിവരം നല്‍കി കെ.എസ്.ആര്‍.ടി.സിയുടെ സര്‍വിസ് നഷ്ടത്തിലാക്കാൻ നീക്കം നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. റിട്ടേണ്‍ വരുന്ന ഓട്ടോറിക്ഷകളില്‍ കയറുന്നരോഗികളുടെപോലും ഫോട്ടോയെടുത്ത് അധികൃതരുമായി ചേര്‍ന്ന് ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി എടുക്കുന്നതായും നാട്ടുകാര്‍ പറയുന്നു.