കല്പറ്റ: വീടുകളില്‍ മതിയായ സ്ഥലസൗകര്യം ഇല്ലാത്തതിനാല്‍ പഠനത്തില്‍ പിന്നോട്ടുപോകുന്ന വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി പട്ടികവര്‍ഗ വികസന വകുപ്പ് ആവിഷ്‌കരിച്ച പഠനമുറി പദ്ധതി സജീവമാകുന്നു.
അടിയ, പണിയ, കാട്ടുനായ്ക്ക കോളനികളിലാണ് പഠനമുറികളുള്ളത്.
മാനന്തവാടി താലൂക്കില്‍ മാത്രം 20 ഓളം പഠനമുറികളുണ്ട്. വീടിനോടു ചേര്‍ന്ന് പുതിയൊരു മുറി നിര്‍മിച്ച് അതില്‍ പഠനസാമഗ്രികള്‍ ഒരുക്കിക്കൊടുക്കുന്നതാണ് പദ്ധതി. പട്ടികവര്‍ഗ ഊരുകളില്‍ സാമൂഹിക പഠനമുറികളാണ് നിര്‍മിക്കുന്നത്. ഒരു പഠനമുറിയില്‍ 30 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യമുണ്ട്.
കമ്ബ്യൂട്ടറും മറ്റ് അനുബന്ധ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അഭ്യസ്തവിദ്യരായ യുവതി-യുവാക്കളെയാണ് ഇതിന്റെ ഫെസിലിറ്റേറ്റര്‍മാരായി നിയമിച്ചത്. പഠിക്കുന്നവര്‍ക്കും പഠനശേഷം ജോലി തേടുന്നവര്‍ക്കും ഒരുപോലെ പ്രയോജനകരമായ പദ്ധതിയാണിത്. ആദിവാസി ഊരുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പഠനം ഗോത്രഭാഷയിലൂടെയായതും വലിയ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്.