ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് മാറുന്നതിന്‍റെ ഭാഗമായി എം.പിമാര്‍ക്ക് വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഒഴിവാക്കി.
കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജൻ ചൗധരിയാണ് ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് വാക്കുകള്‍ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.
‘ഇന്നലെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് ഞങ്ങള്‍ നടന്നുകയറുമ്ബോള്‍ ഒപ്പമുണ്ടായിരുന്ന ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഉണ്ടായിരുന്നില്ല. ഈ രണ്ട് വാക്കുകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയില്ലായെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്’ -അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ തന്ത്രപൂര്‍വം വരുത്തിയ മാറ്റമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ലമെന്‍റില്‍ ഇന്നലെ തന്നെ ഇക്കാര്യം ഉന്നയിക്കാൻ തീരുമാനിച്ചിരുന്നു. പക്ഷേ അതിനുള്ള അവസരം പോലും ലഭിച്ചില്ല. 1976ലെ ഭേദഗതിക്കുശേഷമാണ് ഈ വാക്കുകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതെന്നു ഞങ്ങള്‍ക്കറിയാം. ഇപ്പോള്‍ നല്‍കിയ ഭരണഘടനയില്‍ ആ വാക്കുകള്‍ ഇല്ല എന്നത് ആശങ്കപ്പെടുത്തുന്നതാണ്. കേന്ദ്ര സര്‍ക്കാറിന്‍റെ ഉദ്ദേശ്യം സംശയാസ്പദമാണ് -വാര്‍ത്താ ഏജൻസിയായ എ.എൻ.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അധിര്‍ രഞ്ജൻ ചൗധരി പറഞ്ഞു.