കട്ടപ്പന: തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ആലടി-പെരിക്കണ്ണി നിവാസികള്‍ക്ക് പെരിയാര്‍ കുറുകെ കടക്കാൻ ആശ്രയം മുളംചങ്ങാടം.
പെരിയാറിലെ മലവെള്ളപ്പാച്ചിലിലും ഓളംവെട്ടലിലും ജീവൻ പണയംവെച്ചാണ് ആലടി-പെരിക്കണ്ണി നിവാസികള്‍ നദി കുറുകെ കടക്കുന്നത്. പ്രദേശവാസികളുടെ ഏക ആശ്രയമാണ് പെരിയാറിന് കുറുകെയുള്ള ഈ മുളം ചങ്ങാടം. മുമ്ബ് ഇവിടെ ഉണ്ടായിരുന്ന ഇരുമ്ബ് പാലം പ്രളയത്തില്‍ ഒലിച്ചുപോയതാണ് പ്രദേശവാസികള്‍ക്ക് വിനയായത്.
2018ലെ കനത്ത പ്രളയത്തിലാണ് ആലടി-പെരിക്കണ്ണി നിവാസികളുടെ സഞ്ചാര മാര്‍ഗമായിരുന്ന ഇരുമ്ബ് നടപ്പാലം ഒലിച്ചുപോയത്. പുതിയ പാലം നിര്‍മിക്കാൻ നടപടി ഉണ്ടാകാത്തതിനാല്‍ യാത്രാമാര്‍ഗം ഇല്ലാതായ നാട്ടുകാര്‍ക്ക് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ചങ്ങാടമിറക്കുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. അയ്യപ്പൻകോവില്‍-ഉപ്പുതറ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ ഉണ്ടായിരുന്ന പാലം 2018 ആഗസ്റ്റ് 16നാണ് പൂര്‍ണമായി ഒലിച്ചുപോയത്. അതോടെ പൊരിക്കണ്ണി മേഖലയിലെ കുടുംബങ്ങള്‍ കിലോമീറ്ററുകള്‍ ചുറ്റിസഞ്ചരിക്കേണ്ട ഗതികേടിലായി. മേഖലയിലെ 450ഓളം കുടുംബമാണ് പാലം ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്നത്.
പാലം നശിച്ചശേഷം പ്രധാന റോഡില്‍ എത്തണമെങ്കില്‍ മുളകൊണ്ട് നിര്‍മിച്ച ചങ്ങാടമാണ് നാട്ടുകാരുടെ ഏക ആശ്രയം. മുളംചങ്ങാടം നിര്‍മിച്ചാല്‍ ഒരുവര്‍ഷം മാത്രമാണ് അത് ഉപയോഗിക്കാൻ സാധിക്കുന്നത്. അപ്പോഴേക്കും വെള്ളത്തില്‍ കിടന്ന് നശിക്കും. അതിനാല്‍ എല്ലാ വര്‍ഷവും മുളംചങ്ങാടം നിര്‍മിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. മേഖലയിലെ ആളുകള്‍ പിരിവെടുത്ത് തുക സ്വരൂപിച്ചാണ് മുളംചങ്ങാടം നിര്‍മിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഈ ചങ്ങാടത്തെ ആശ്രയിച്ചു മാത്രമേ പെരിയാര്‍ കുറുകെ കടക്കാനാവൂ. 22 വര്‍ഷം മുമ്ബ് ചങ്ങാടം മുങ്ങി വലിയ അപകടം ഉണ്ടായശേഷം 2003ലാണ് എം.പി ഫണ്ട് ഉപയോഗിച്ച് ഇവിടെ ഇരുമ്ബു നടപ്പാലം നിര്‍മിച്ചത്. ഇനി വാഹനം കടന്നുപോകുന്ന രീതിയില്‍ ഇവിടെ പാലം നിര്‍മിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അതിന് സംസ്ഥാന സര്‍ക്കാറോ ത്രിതല പഞ്ചായത്തുകളോ, എം.പി, എം.എല്‍.എമാരോ കനിയണം.