കുവൈത്ത് സിറ്റി: ലിബിയക്കുള്ള കുവൈത്തിന്‍റെ സഹായ നടപടികള്‍ തുടരുന്നു. ദുരിത ബാധിതരെ ചേര്‍ത്തുപിടിക്കല്‍ രാജ്യത്തിന്‍റെ കടമയാണെന്ന അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്‍റെ നിര്‍ദേശപ്രകാരം രാജ്യത്തെ വിവിധ റിലീഫ് സൊസൈറ്റികളുടെ കീഴിലാണ് സഹായം ദുരിതബാധിത പ്രദേശത്ത് എത്തിക്കുന്നത്.
റിലീഫ് വസ്തുക്കളും മെഡിക്കല്‍ ഉപകരണങ്ങളുമായി രാജ്യത്തുനിന്ന് ആറാമത്തെ വിമാനമാണ് ചൊവ്വാഴ്ച ലിബിയയിലെത്തിയത്.
കുവൈത്ത് റിലീഫ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ആറാമത്തെ വിമാനം സജ്ജമാക്കിയത്. തിങ്കളാഴ്ചയായിരുന്നു അഞ്ചാമത്തെ വിമാനം രാജ്യത്തുനിന്ന് അയച്ചിരുന്നത്. ആകെ മൊത്തം 100 ടണ്ണിലധികം റിലീഫ് വസ്തുക്കള്‍ കുവൈത്ത് ലിബിയയിലേക്ക് അയച്ചിട്ടുണ്ട്. റിലീഫ് വിതരണം ഇനിയും തുടരുമെന്നും അധികൃതര്‍ അറിയിച്ചു.