ബെംഗളൂരു: പൂച്ചകളിലൂടെ പകരുന്ന ഫെലിന്‍ വൈറസായ പന്‍ല്യൂകോപീനിയ ബാധിച്ച് രണ്ടാഴ്ചക്കിടെ ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ ചത്തത് ഏഴ് പുലിക്കുഞ്ഞുങ്ങള്‍.
25 കുഞ്ഞുങ്ങളാണ് ബന്നാര്‍ഘട്ട നാഷനല്‍ പാര്‍ക്കിലുള്ളത്. ഇതിന് 15 എണ്ണത്തിന് രോഗം സ്ഥിരീകരിച്ചു. ഇവയില്‍ ഏഴെണ്ണമാണ് ചത്തത്. ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 5 വരെയുള്ള കാലയളവിലാണ് പുള്ളിപ്പുലി കുഞ്ഞുങ്ങള്‍ ചത്തത്. മൂന്നിനും എട്ടു മാസത്തിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളാണ് ചത്തത്.
വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ പാര്‍ക്ക് മുഴുവന്‍ അണുനശീകരണം നടത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. നിലവില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും മറ്റു മൃഗങ്ങള്‍ക്ക് രോഗബാധയില്ലെന്നും ഡോക്ടര്‍മാരോടും മൃഗങ്ങളെ പരിപാലിക്കുന്നവരോടും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്നും പാര്‍ക്ക് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എവി സൂര്യ സെന്‍ പറഞ്ഞു.
രോഗം ബാധിച്ച ഒരു കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് അധൃകര്‍ അറിയിച്ചു. ഓഗസ്റ്റ് 22നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പാര്‍ക്ക് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എവി സൂര്യ സെന്നിനെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ചത്ത ഏഴ് കുഞ്ഞുങ്ങളില്‍ നാല് പേര്‍ സഫാരി നടത്തുന്ന സ്ഥലത്തും മൂന്ന് പേര്‍ റെസ്‌ക്യൂ സെന്ററിലുമായിരുന്നു. ഇവയ്‌ക്കെല്ലാവര്‍ക്കും നേരത്തേ തന്നെ പ്രതിരോധ കുത്തിവെപ്പ് നല്‍കിയിരുന്നെങ്കിലും രോഗം സ്ഥിരീകരിച്ച് 15 ദിവസത്തിനകം പുലിക്കുഞ്ഞുങ്ങള്‍ ചത്തു. വാക്‌സിനേഷന്‍ ഫെയിലര്‍ ആയതോ വൈറസുകളുടെ പുതിയ വകഭേദമുണ്ടായതോ ആകാം മരണകാരണമെന്നും സൂര്യ പറഞ്ഞു.
ബെന്നാര്‍ഘട്ട നാഷനല്‍ പാര്‍ക്കില്‍ ആദ്യമായാണ് ഈ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൃത്യമായ കാരണമറിയില്ലെങ്കിലും മൃഗങ്ങളെ പരിപാലിക്കുന്നവര്‍ക്ക് വളര്‍ത്തുപൂച്ചകളുണ്ടെങ്കില്‍ അവ വൈറസ് വാഹകരാകാനുള്ള സാധ്യതയുണ്ട്. കൂടാതെ പാര്‍ക്കിന് സമീപത്തായി നിരവധി തെരുവുപൂച്ചകളമുണ്ട്. ഇവയിലൂടെയും രോഗം പടരാം. മാത്രമല്ല, ഈ കുഞ്ഞുങ്ങളില്‍ പലരെയും പലയിടങ്ങളില്‍ നിന്ന് രക്ഷിച്ച് കൊണ്ടുവരുന്നതാണ്. അതുകൊണ്ട് തന്നെ അവയില്‍ ചിലരില്‍ ഈ രോഗം ഉണ്ടായിരുന്നിരിക്കാമെന്നും സൂര്യ സെന്‍ പ്രതികരിച്ചു.