Friday, May 3, 2024
HomeIndiaബില്‍ ഇന്നു രാജ്യസഭയില്‍ ; വനിതാ സംവരണം യാഥാര്‍ഥ്യമാകാന്‍ ആറു വര്‍ഷമെടുക്കും

ബില്‍ ഇന്നു രാജ്യസഭയില്‍ ; വനിതാ സംവരണം യാഥാര്‍ഥ്യമാകാന്‍ ആറു വര്‍ഷമെടുക്കും

ന്യൂഡല്‍ഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33% സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.

ബില്‍ ഇന്നു രാജ്യസഭ പരിഗണിക്കും. വനിതാ സംവരണ ബില്‍ ഒരു ചുവടുകൂടി മുന്നേറിയെങ്കിലും വനിതാ സംവരണം യാഥാര്‍ഥ്യമാകാന്‍ ആറു വര്‍ഷമെടുക്കും. 2026 വരെ മണ്ഡല പുനര്‍നിര്‍ണയം മരവിപ്പിച്ചിരിക്കുകയുമാണ്.

വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിലെത്തിയിരുന്നു. 454 എം.പിമാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ രണ്ടു പേര്‍ എതിര്‍ത്തു. ഭരണഘടനാ ഭേദഗതിയായിരുന്നതിനാല്‍ സ്ലിപ് നല്‍കിയാണ് ബില്ലിന്‍മേല്‍ വോട്ടെടുപ്പ് നടത്തിയത്. ഭരണഘടനയുടെ 128-ാം ഭേദഗതിയാണിത്. എ.ഐ.എം.ഐ.എം. നേതാവ് അസസുദ്ദീന്‍ ഒവൈസിയുടെ ഭേദഗതി നിര്‍ദേശം സഭ ശബ്ദവോട്ടോടെ തള്ളി.

ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും ഉപസംവരണം വേണമെന്നായിരുന്നു നിര്‍ദേശം. ”നാരി ശക്തി വന്ദന്‍ അധിനിയം” എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. ഉപസംവരണം സംബന്ധിച്ച തീരുമാനം സെന്‍സസിനും മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം നടത്തുമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അടുത്ത പൊതുതെരഞ്ഞെടുപ്പിനുശേഷം ഇതിനുള്ള നടപടി തുടങ്ങുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.

ഭേദഗതി നടപ്പിലായി 15 വര്‍ഷത്തേക്കാണ് സംവരണം. എന്നാല്‍, ഈ കാലാവധി നീട്ടാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഓരോ മണ്ഡല പുനര്‍നിര്‍ണയത്തിനും ശേഷം വനിതാ സംവരണ സീറ്റുകള്‍ ചാക്രികാടിസ്ഥാനത്തില്‍ മാറും. ഇതു സംബന്ധിച്ച്‌ 334-എ എന്ന അനുച്‌ഛേദം ബില്ലില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ സംവരണം നിലവില്‍ വരുന്നതുവരെ സഭകളില്‍ നിലവിലുള്ള സംവരണരീതി തുടരുമെന്നും ബില്ലില്‍ പറയുന്നു. കഴിഞ്ഞ 19 നു പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ സിറ്റിങ്ങില്‍ നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ബില്‍ അവതരിപ്പിച്ചത്.

പട്ടിക ജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണംചെയ്ത സീറ്റുകളുടെ മൂന്നിലൊന്നു സീറ്റും ആ വിഭാഗത്തിലെ വനിതകള്‍ക്കായി നീക്കിവയ്ക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. നീണ്ട 27 വര്‍ഷത്തെ സംഭവബഹുലമായ ചരിത്രം വനിതാ സംവരണ ബില്ലിനുണ്ട്. 1992 ല്‍ നരസിംഹ റാവു സര്‍ക്കാര്‍ പാസാക്കിയ 73, 24 ഭരണഘടന ഭേദഗതികളാണു സ്ത്രീശാക്തീകരണത്തിന് ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതാസംവരണം വേണമെന്ന ആശയം കൊണ്ടുവന്നത്.

തദ്ദേശഭരണ സമിതികളില്‍ മൂന്നിലൊന്ന് വനിതാ സംവരണം ഉറപ്പാക്കുന്നതാണ് ഈ ഭേദഗതി ബില്ലുകള്‍. ത്രിതല പഞ്ചായത്തിന്റെ എല്ലാ തലങ്ങളിലും അധ്യക്ഷരില്‍ മൂന്നിലൊന്ന് വനിതകളായിരിക്കണമെന്നും ആ ഭരണഘടനാ ഭേദഗതി നിര്‍ദേശിച്ചിരുന്നു. സംസ്ഥാന നിയമസഭകളിലും ലോക്‌സഭയിലും മൂന്നിലൊന്നു സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യണം എന്ന ആവശ്യം ഈ നിയമനിര്‍മാണത്തിന് പിന്നാലെയാണ് ശക്തിപ്പെട്ടത്. 1996 ല്‍ എച്ച്‌.ഡി. ദേവെഗൗഡ സര്‍ക്കാര്‍ അവതരിപ്പിച്ച്‌ 2010 ല്‍ ഡോ. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ രാജ്യഭയില്‍ പാസാക്കുന്നത് വരെയുള്ള കാലങ്ങളില്‍ കൈയാങ്കളിയും പ്രതിഷേധവും സഭകളിലെ സ്ഥിരം കാഴ്ചയായിരുന്നു.

അവതരിപ്പിച്ച മന്ത്രിമാരുടെയും ചെയര്‍മാന്റെയും കൈയില്‍നിന്നു ബില്‍ തട്ടിപ്പറിച്ചു പിച്ചിച്ചീന്തി സഭയുടെ നടുത്തളത്തിലേക്കു വലിച്ചെറിഞ്ഞതിനും എം.പിമാര്‍ തമ്മില്‍ കൈയാങ്കളിയില്‍ ഏര്‍പ്പെട്ടതിനും രാജ്യം സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular