Thursday, May 2, 2024
HomeKeralaപ്രശസ്ത നാടക കലാകാരന്‍ മരട് ജോസഫ് അന്തരിച്ചു

പ്രശസ്ത നാടക കലാകാരന്‍ മരട് ജോസഫ് അന്തരിച്ചു

കൊച്ചി: പ്രശസ്തനായ ഒരു നാടക നടന്‍ മരട് ജോസഫ് (93) അന്തരിച്ചു. പിജെ ആന്റണിയുടെ പ്രതിഭാ ആര്‍ട്സ് ക്ലബ്ബിലെ സ്ഥിരം അംഗമായിരുന്നു.

ഇന്‍ക്വിലാബിന്റെ മക്കള്‍, വിശക്കുന്ന കരിങ്കാലി തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. ശങ്കരാടി, മണവാളന്‍ ജോസഫ്, കല്യാണിക്കുട്ടിയമ്മ, കോട്ടയം ചെല്ലപ്പന്‍, എഡ്ഡി മാസ്റ്റര്‍ തുടങ്ങിയ പ്രഗത്ഭര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമയിയുടെ വിശിഷ്ടാംഗത്വം നേടിയിട്ടുണ്ട്.

അഞ്ചുതൈക്കല്‍ സേവ്യറിന്റെയും ഏലീശ്വയുടേയും മകനായി മരടില്‍ ജനിച്ചു. സെന്റ് മേരീസ് സ്‌കൂളില്‍ വിദ്യാഭ്യാസം. സ്‌കൂള്‍ കാലം മുതലേ നാടകത്തില്‍ സജീവമായിരുന്നു. നാടകകൃത്ത് ചെറായി ജി എഴുതിയ വഴിത്താര എന്ന നാടകത്തില്‍ അഭിനയിച്ചതോടെ പേര് മരട് ജോസഫ് എന്നാക്കി.

വിശക്കുന്ന കരിങ്കാലി നാടകത്തിന് വേണ്ടി ആദ്യമായി പാടി റെക്കോഡ് ചെയ്തു. ഒഎന്‍വിയുടെ വരികളില്‍ ദേവരാജന്റെ സംഗീതത്തില്‍ ‘കൂരകള്‍ക്കുള്ളില്‍ തുടിക്കും ജീവനാളം കരിന്തിരി കത്തി’ എന്ന ഗാനവും ഒപ്പം ‘വെണ്ണിലാവേ വെണ്ണിലാവേ പാതിരാവിന്‍ പനിനീരേ’ എന്ന മറ്റൊരു ഗാനവും പാടി റെക്കോഡ് ചെയ്തു.

പൊന്‍കുന്നം വര്‍ക്കിയുടെ കേരള തിയറ്റേഴ്സ്, കൊച്ചിന്‍ കലാകേന്ദ്രം, കൊല്ലം ജ്യോതി തിയറ്റേഴ്സ്, കോട്ടയം വിശ്വകേരള കലാസമിതി, കോഴിക്കോട് സംഗമം തിയറ്റേഴ്സ്, ആലപ്പി തിയറ്റേഴ്സ് തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍ എന്‍ പിള്ളയുടെ പ്രേതലോകം, വൈന്‍ഗ്ലാസ്, വിഷമവൃത്തം, കാപാലിക, ഈശ്വരന്‍ അറസ്റ്റില്‍ തുടങ്ങിയ നാടകങ്ങളിലും കെ ടി മുഹമ്മദിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു.

മലയാളത്തിലെ പ്രശസ്ത നാടകകൃത്തുക്കളായ എന്‍ ഗോവിന്ദന്‍കുട്ടി, സെയ്ത്താന്‍ ജോസഫ്, നോര്‍ബര്‍ട്ട് പാവന തുടങ്ങിയവരുടെ അനേകം കഥാപാത്രങ്ങള്‍ക്കും എം ടി വാസുദേവന്‍ നായരുടെ ഒരേയൊരു നാടകം ഗോപുരനടയില്‍ അരങ്ങിലെത്തിയപ്പോള്‍ അതിലെ ഒരു കഥാപാത്രത്തിനും ജീവന്‍ നല്‍കിയത് മരട് ജോസഫായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലും അഭിനയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular