ദുബൈ: വെള്ളത്തില്‍ പൊങ്ങിക്കിടന്ന് മാലിന്യങ്ങള്‍ നീക്കംചെയ്യുന്ന നൂതന ഡ്രോണ്‍ സംവിധാനവുമായി ദുബൈ ഹാര്‍ബര്‍.
രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്. വിഡിയോ കാമറയും റിമോട്ട് സെൻസിങ് സാങ്കേതികവിദ്യയും ഘടിപ്പിച്ചതാണ് ഡ്രോണെന്ന് അധികൃതര്‍ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. ജൈവമാലിന്യങ്ങള്‍, പ്ലാസ്റ്റിക്, ഗ്ലാസ്, മെറ്റല്‍, പേപ്പര്‍, തുണി, റബര്‍ എന്നിവ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കംചെയ്യാൻ സംവിധാനം സഹായിക്കും.
ഡ്രോണിന് 160 ലിറ്റര്‍ ശേഖരണശേഷിയുണ്ട്. ഓട്ടോണമസ് മോഡില്‍ ആറു മണിക്കൂര്‍ വരെ പ്രവര്‍ത്തനശേഷിയുമുണ്ട്. ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും പൂര്‍ണമായും പൊരുത്തപ്പെടുന്നതാണ് സംവിധാനം. സാങ്കേതിക നവീകരണത്തിന്റെയും കാര്യക്ഷമതയുടെയും അടയാളമെന്ന നിലയിലാണ് ഫ്ലോട്ടിങ് മാലിന്യശേഖരണ സംവിധാനം രൂപപ്പെടുത്തിയത്. റിമോട്ട് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ ജലോപരിതലത്തിലെ അവശിഷ്ടങ്ങള്‍ തിരിച്ചറിയുകയും നിര്‍മാര്‍ജനത്തിനോ പുനരുപയോഗത്തിനോ വേണ്ടി ശേഖരണ ടാങ്കിലേക്ക് മാറ്റി സൂക്ഷിക്കുകയും ചെയ്യും.
മറീനകള്‍, റിസോര്‍ട്ടുകള്‍, ഡോക്കുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവക്ക് ആവശ്യമായ സംവിധാനങ്ങള്‍ നല്‍കുന്ന ഫ്രഞ്ച് കമ്ബനിയായ ‘ദി സീരിയല്‍ ക്ലീനേഴ്‌സി’ന്റെ ഉല്‍പന്നമാണ് ഡ്രോണ്‍. ഏകദേശം 1.62 മീറ്റര്‍ നീളവും 1.15 മീറ്റര്‍ വീതിയുമുള്ള ഡ്രോണ്‍ മറ്റു ശുചീകരണ റോബോട്ടുകളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഒതുക്കമുള്ളതുമാണെന്ന് അധികൃതര്‍ വാര്‍ത്തക്കുറിപ്പില്‍ അവകാശപ്പെട്ടു.