ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ഓംകാരേശ്വറില്‍ നര്‍മ്മദാ നദിയുടെ തീരത്ത് 108 അടി ഉയരമുള്ള ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തു.
മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് അനാച്ഛാദനം ചെയ്തത്. 100ടണ്‍ ഭാരമുള്ള പ്രതിമ ശങ്കരാചാര്യരുടെ 12-ാം വയസിലെ രൂപത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.
88ശതമാനം ചെമ്ബ്, നാല് ശതമാനം സിങ്ക്, എട്ട് ശതമാനം ടിൻ എന്നിവ അടങ്ങിയ വെങ്കലം കൊണ്ടാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. പ്രതിമയ്ക്ക് പുറമെ അദ്വൈത ലോക് എന്ന പേരില്‍ മ്യൂസിയവും വേദാന്ത ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചിട്ടുണ്ട്. 2000 കോടിയാണ് പദ്ധതിയുടെ ചെലവ്. മാന്ധാത പര്‍വതത്തിലാണ് പ്രതിമ സ്ഥാപിച്ചത്.
മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് ഏകദേശം 260കിലോമീറ്റര്‍ അകലെയാണ് ഓംകാരേശ്വര്‍. 54അടി ഉയരമുള്ള പീഠത്തിലാണ് പ്രതിമ നിലകൊള്ളുന്നത്. ‘ഏകത്വത്തിന്റെ പ്രതിമ’ എന്ന വിശേഷണം നല്‍കി കഴിഞ്ഞ വര്‍ഷമാണ് മദ്ധ്യപ്രദേശ് സര്‍ക്കാര്‍ പദ്ധതിയ്ക്ക് തുക അനുവദിച്ചത്.
സെപ്തംബര്‍18ന് നടത്താനിരുന്ന അനാച്ഛാദന പരിപാടി കനത്ത മഴയെ തുടര്‍ന്ന് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. കേരളത്തില്‍ ജനിച്ച ശങ്കരാചാര്യര്‍ ചെറുപ്പത്തില്‍ തന്നെ സന്യാസിയായി ഓംകാരേശ്വരില്‍ എത്തിയെന്നാണ് കരുതപ്പെടുന്നത്.
https://x.com/ChouhanShivraj/status/1704749534088479066?s=20