കോട്ടയം: കൊവിഡിന്റെ ക്ഷീണത്തില്‍ നിന്ന് കരകയറിയ കുടുംബശ്രീക്ക് ഓണം വിപണിയില്‍ ഇക്കുറി റെക്കാഡ് വില്‍പന.
കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ നാലുകോടിയോളം രൂപയുടെ വരുമാന വര്‍ദ്ധനവാണുള്ളത്. ഭൂരിഭാഗം ജില്ലകളിലും ഒരു കോടിക്ക് മുകളില്‍ ശരാശരി കച്ചവടം നടന്നതും നേട്ടമായി.
മായമില്ലാത്ത വിഭവങ്ങള്‍ അവതരിപ്പിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ ഓണംഫെയറിന് സ്വീകാര്യത കൂടിയെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇക്കുറി ഒരു ഉത്പന്നമെങ്കിലും വിപണിയിലെത്തിക്കണമെന്നായിരുന്നു അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം. അച്ചാറും ഉപ്പേരിയും പപ്പടവും ഇടിയിറച്ചിയും തുടങ്ങി വിവിധ നാടൻ ഭക്ഷ്യോത്പന്നങ്ങളും വസ്ത്രങ്ങളും സംരംഭകര്‍ ഫെയറിലെത്തിച്ചു.
20,990 ഉത്പന്നങ്ങള്‍
പ്രളയവും കൊവിഡും ഏല്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാനുള്ള വക ഇക്കുറി ലഭിച്ചു. ചന്തകളുടെ എണ്ണവും ഇക്കുറി വര്‍ദ്ധിച്ചു. ഓരോ ജില്ലയിലും ശരാശരി 80 ചന്തകള്‍ക്ക് മുകളില്‍ സംഘടിപ്പിച്ചു. പഞ്ചായത്ത്, ജില്ലാ തലങ്ങളിലായി 1087 ചന്തകളിലൂടെ 20,990 ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചു. 2020, 21 വര്‍ഷങ്ങളില്‍ മൂന്ന് കോടിയായിരുന്നു ശരാശരി വരുമാനം.