തിരുവനന്തപുരം: സഹകരണമേഖലയെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദൻ. സര്‍ക്കാരിനെതിരെ നടക്കുന്നത് കള്ളപ്രചാരണമാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കള്ളപ്രചാരണം നടത്തുന്നു. എല്ലാം പാര്‍ട്ടി പരിശോധിച്ച കാര്യങ്ങളാണ്. സഹകരണമേഖലയിലെ ഇ.ഡി റെയ്ഡും ഇതിന്റെ ഭാഗമാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
സഹകരണ മേഖലയെ തകര്‍ക്കാനുള്ള കരുവായി കരുവന്നൂരിനെ മാറ്റരുത്. കരുവന്നൂരില്‍ കേരള സര്‍ക്കാര്‍ ഫലപ്രദമായ അന്വേഷണം നടത്തിയിട്ടുണ്ട്. പ്രശ്നത്തിന്റെ കാരണക്കാര്‍ പാര്‍ട്ടി നേതൃത്വമാണ് എന്ന് വരുത്താൻ ശ്രമം നടക്കുന്നുണ്ട്. അപൂര്‍വ സ്ഥലങ്ങളില്‍ മാത്രമാണ് ക്രമക്കേട് നടക്കുന്നത്. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ ആവശ്യമായ ഫലപ്രദമായ ഇടപെടല്‍ നടക്കുന്നുണ്ട്. ഒന്നും മറച്ചു വെക്കാനില്ലെന്നും ഇഡി നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹകരണ മേഖല കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നല്‍കിയിട്ടുണ്ട്. സഹകരണമേഖലയെ കൈപ്പിടിയിലൊതുക്കാൻ കേന്ദ്രം ശ്രമിക്കുകയാണ്. സുപ്രീംകോടതിയുടെ ഇടപെടല്‍ കൊണ്ടാണ് സഹകരണ മേഖല പിടിച്ചുനിന്നത്.
എ.സി. മൊയ്തീന്റെ പേര് പറയാൻ കൗണ്‍സിലര്‍മാരെ മര്‍ദിക്കുകയാണ്. മകളുടെ വിവാഹം പോലും നടക്കില്ലെന്ന് എം.വി. അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തി. എ.സി. മൊയ്തീൻ ചാക്കില്‍ കെട്ടി പണംകൊണ്ടുപോകുന്നത് കണ്ടു എന്ന് പറയണമെന്ന് വരെ ഇ.ഡി ആവശ്യപ്പെട്ടുവെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.