നീലേശ്വരം: തൈക്കടപ്പുറം അഴിത്തലയില്‍ സി.പി.എം- മുസ്‍ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരു വിഭാഗത്തില്‍പെട്ട ഒമ്ബതു പേര്‍ക്ക് പരിക്കേറ്റു.
സി.പി.എം പ്രവര്‍ത്തകരായ ജിഷ്ണു, മണികണ്ഠൻ, ശ്രീരാജ്, ആദിത്യൻ, അഭിറം എന്നിവരെ പരിക്കുകളോടെ നീലേശ്വരം തേജസ്വനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പി. നസീബ്, ടി.കെ.സി. ഫര്‍ഹാൻ, ടി.കെ.സി. സനാൻ, കെ. അഫ് സാദ് എന്നിവരെ പരിക്കുകളോടെ പടന്നക്കാട് സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൈക്കടപ്പുറം അഴിത്തല ബദര്‍ ജുമാ മസ്ജിദ് കമ്മിറ്റി നബിദിനാഘോഷത്തിന്‍റെ ഭാഗമായി പരിസരം വൃത്തിയാക്കി തോരണം കെട്ടുകയായിരുന്നവര്‍ക്ക് നേരെ ബുധനാഴ്ച രാത്രി സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു.
കൊടുവാള്‍, ഇരുമ്ബുദണ്ഡ് തുടങ്ങിയ മാരകായുധങ്ങളുമായാണ് ആക്രമിച്ചതെന്നും ഇവര്‍ പറഞ്ഞു. തീരദേശമേഖലയില്‍ മനഃപൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിച്ച് നാട്ടില്‍ അശാന്തി പടര്‍ത്തുന്ന ഇത്തരം സാമൂഹിക ദ്രോഹികളെ തിരിച്ചറിയണമെന്നും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അഴിത്തല ബദര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി അറിയിച്ചു.
അതേസമയം, ബുധനാഴ്‌ച രാത്രിയില്‍ ബൈക്കില്‍ വരുകയായിരുന്ന അഴിത്തലയിലെ സി.പി.എം പ്രവര്‍ത്തകരെ ഫ്രൈഡേ ക്ലബ് പരിസരത്തുനിന്നും തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചതായും ബൈക്ക് തകര്‍ത്തതായും പരിക്കേറ്റ് ചികിത്സയിലുള്ള സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് അഴിത്തലയില്‍ സിനിമ ഷൂട്ടിങ് നടക്കുമ്ബോള്‍ ഇരുവിഭാഗവും തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിരുന്നു ഈ സംഘര്‍ഷവും. ഇരു വിഭാഗത്തിെന്റയും മൊഴി എടുത്ത ശേഷം പരാതിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം പൊലീസ് കേസെടുത്തു.