ഇരിട്ടി: മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളില്‍ ട്രോളിബാഗില്‍ യുവതിയുടെ അഴുകിയ ജഡം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം കണ്ണവത്തുനിന്ന് കാണാതായ യുവതിയിലേക്കും.
വീരാജ്പേട്ട സി.ഐ ശിവരുദ്രയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം കണ്ണവത്തെത്തി കാണാതായ യുവതിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം മടിക്കേരി മെഡിക്കല്‍ കോളജില്‍ എത്തി കണ്ണവത്തെ യുവതിയുടെ ബന്ധുക്കള്‍ മൃതദേഹം കണ്ടെങ്കിലും 90 ശതമാനവും സാധ്യതയില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു.
യുവതിയുടെ മൃതദേഹം മടിക്കേരി ഗവ. മെഡിക്കല്‍ കോളജില്‍നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. കുടക്, മൈസൂരു ജില്ലകളില്‍നിന്ന് അടുത്തിടെ കാണാതായ യുവതികളുടെ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്. മടിക്കേരി ജില്ലയില്‍ മാത്രം നാലുപേര്‍ ഒരു മാസത്തിനുളളില്‍ കാണാതായിട്ടുണ്ട്. ഇവരുടെ ബന്ധുക്കളാരും അന്വേഷണവുമായി എത്തിയിട്ടില്ല.
കേരളത്തില്‍നിന്ന് പ്രത്യേകിച്ച് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് മേഖലയില്‍നിന്ന് കാണാതായവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മൃതദേഹം പൂര്‍ണമായും അഴുകിയ നിലയിലായതിനാല്‍ തിരിച്ചറിയാനുള്ള സാധ്യത വിദൂരമാണ്.
മൃതദേഹം വെട്ടിനുറുക്കിയ നിലയിലായതിനാല്‍ ഡി.എൻ.എ പരിശോധന ഉള്‍പ്പെടെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ പൊലീസിനും നിഗമനത്തിലെത്താൻ സാധിക്കുകയുള്ളൂ.
രണ്ടാഴ്ചക്കിടയില്‍ മാക്കൂട്ടം ചുരം റോഡ് വഴി കടന്നുപോയ വാഹനങ്ങളുടെ വിവര ശേഖരണവും പൊലീസ് തുടങ്ങി. പെരുമ്ബാടി ചെക്ക് പോസ്റ്റ് വിട്ടാല്‍ ചുരം റോഡില്‍ എവിടേയും വാഹനം നിര്‍ത്തിയിടാനുള്ള അനുമതിയില്ല. പെരുമ്ബാടിയില്‍നിന്ന് മാക്കൂട്ടത്തേക്കും മാക്കൂട്ടത്തുനിന്ന് പെരുമ്ബാടിയിലേക്കും എത്താനുള്ള കുറഞ്ഞും കൂടിയതുമായ സമയം കണക്കാക്കിയുള്ള വാഹന പരിശോധനയും ആരംഭിച്ചു.
ചുരം റോഡില്‍ അസ്വാഭാവികമായ നിലയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളെക്കുറിച്ചു ദൃക്‌സാക്ഷി വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
പെരുമ്ബാടി ചെക്ക് പോസ്റ്റില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് മാക്കൂട്ടം ചെക്ക് പോസ്റ്റില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയുമാണ്. വീരാജ്‌പേട്ട്, ഗോണിക്കുപ്പ ഭാഗങ്ങളില്‍നിന്ന് എത്തിയാണ് മൃതദേഹം തള്ളിയതെന്ന നിഗമനത്തിലാണ് പൊലീസ്.