കുവൈത്ത് സിറ്റി: ചൈനയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസ് ഫുട്ബാളില്‍ ഗ്രൂപ് അഞ്ചിലെ വാശിയേറിയ മൂന്നാം മത്സരത്തില്‍ ബഹ്റൈനെതിരെ സമനിലപിടിച്ച് കുവൈത്ത്.
നിശ്ചിത സമയത്തും അധിക സമയത്തുമായി 1-1 എന്ന നിലയിലാണ് കളിയവസാനിച്ചത്. 53ാം മിനിറ്റില്‍ ബഹ്റൈൻ ലീഡുയര്‍ത്തിയെങ്കിലും 74ാം മിനിറ്റില്‍ കുവൈത്തിന്‍റെ സല്‍മാൻ അല്‍ അവാദി അതിമനോഹരമായ ഒരു ഫ്രീകിക്കിലൂടെ മറുപടി നല്‍കി.
ബഹ്റൈനോട് സമനില പിടിച്ചതോടെ ഒരു പോയന്‍റ് ലഭിച്ച കുവൈത്ത് രണ്ടാം റൗണ്ടിലേക്കുള്ള നേരിയ പ്രതീക്ഷയിലാണ്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കാണ് രണ്ടാം റൗണ്ട് യോഗ്യത ലഭിക്കുക. നിലവില്‍ സൗത്ത് കൊറിയ രണ്ടു ജയവുമായി രണ്ടാം റൗണ്ടിലേക്കുള്ള സീറ്റുറപ്പിച്ചിട്ടുണ്ട്. തായ്‍ലൻഡിനോടും കുവൈത്തിനോടും സമനില പിടിച്ച ബഹ്റൈന് രണ്ടു പോയന്‍റുണ്ട്. അവരുടെ അടുത്ത മത്സരം കൊറിയയുമായാണ്. ബഹ്റൈനോട് സമനിലയും കൊറിയയോട് തോല്‍വിയും വഴങ്ങിയ തായ്‍ലൻഡിനും ഒരു പോയന്‍റാണുള്ളത്. അടുത്ത ഞായറാഴ്ച തായ്‍ലൻഡുമായുള്ള കുവൈത്തിന്‍റെ മത്സരത്തില്‍ ടീമിന് ജയിക്കാനായാല്‍ രണ്ടാം റൗണ്ടിലേക്കുള്ള സാധ്യത കൂടും.