ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാസാക്കിയതോടെ ഇക്കൊല്ലം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും അടുത്ത കൊല്ലത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടുള്ള വൻ പ്രചാരണ തന്ത്രത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചതെന്ന് വ്യക്തമായി.
ഉദ്ദേശ്യം സാധിച്ചതോടെ ഇന്നലെ അവസാനിക്കേണ്ടിയിരുന്ന സമ്മേളനം ഒരു ദിവസം മുൻപേ പിരിഞ്ഞു.
അജണ്ട പുറത്തുവിടാതെ പ്രത്യേക സമ്മേളനം വിളിച്ചത് പ്രതിപക്ഷത്തെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കല്‍ എന്നിവ സംബന്ധിച്ച ബില്‍ അവതരിപ്പിക്കുമെന്നായിരുന്നു സൂചന. രണ്ടാം ദിവസം മുതല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് സമ്മേളനം മാറുമെന്ന പ്രഖ്യാപനത്തോടെ പ്രതിപക്ഷത്തിന് അപകടം മണത്തു.
ഒറ്റ രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് വിഷയത്തില്‍ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ സമിതി ആദ്യ യോഗം ചേരുന്നത് സമ്മേളനത്തിന് ശേഷമാണെന്ന അറിയിപ്പോടെ പ്രതിപക്ഷത്തിന്റെ സംശയം വര്‍ദ്ധിച്ചു.
സമ്മേളനം തുടങ്ങുന്നതിന്റെ തലേന്ന് സര്‍വകക്ഷി യോഗത്തില്‍ ചില എൻ.ഡി.എ കക്ഷികള്‍ വനിതാ ബില്ല് പരാമര്‍ശിച്ചപ്പോഴാണ് സര്‍ക്കാരിന്റെ നീക്കം ആ വഴിക്കാണെന്ന സൂചന വന്നത്. 18ന് പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം സ്ഥിരീകരണവുമായി.
ആദ്യദിനം തന്നെ വനിതാ ബില്‍ അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിപക്ഷത്തെ അമ്ബരിപ്പിച്ചു. ബില്‍ അവതരണ അജണ്ടയും ബില്ലിന്റെ പകര്‍പ്പും പുറത്തുവിട്ടത് സഭയില്‍ പ്രധാനമന്ത്രി ഇത് പ്രഖ്യാപിച്ച ശേഷം. ചൊവ്വാഴ്‌ച ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ അടുത്ത ദിവസം പാസാക്കി. വ്യാഴാഴ്‌ച രാജ്യസഭയിലും ബില്‍ പാസാക്കി.
അതോടെ സമ്മേളനം ഒരു ദിവസം നേരത്തെ പിരിയുന്നതിനെ പ്രതിപക്ഷ എംപിമാരും എതിര്‍ത്തില്ല. രാജ്യസഭയില്‍ ബില്‍ ചര്‍ച്ച കഴിഞ്ഞ് വോട്ടിംഗ് തുടങ്ങിയത് രാത്രി പത്തു മണിക്ക് ശേഷം. ഡിജിറ്റല്‍ സംവിധാനം തകരാറിലായതിനാല്‍ സ്ളിപ്പ് വഴിയുള്ള വോട്ടെടുപ്പ് നീണ്ടു. സ്ളിപ്പ് എണ്ണിയതിലെ പിശക് കാരണം ബില്ലിന് 215 പേരുടെ പിന്തുണയുണ്ടെന്നാണ് രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകര്‍ ആദ്യം പ്രഖ്യാപിച്ചത്. 214 ആണെന്ന് പിന്നീട് തിരുത്തി. രാജ്യസഭയില്‍ ബില്‍ നടപടി നീണ്ടതിനാല്‍ പ്രതിപക്ഷത്തിന്റെ സഹായത്തോടെ സമാന്തരമായി ലോക്‌സഭയില്‍ ചന്ദ്രയാൻ ചര്‍ച്ചയും നീട്ടിക്കൊണ്ടുപോയി. രാജ്യസഭയില്‍ നടപടി പൂര്‍ത്തിയായതിന് പിന്നാലെ ചന്ദ്രയാൻ ചര്‍ച്ച അവസാനിപ്പിച്ച് സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയാണെന്ന് സ്‌പീക്കര്‍ ഒാം ബിര്‍ള അറിയിച്ചു.