റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിമാന സര്‍വിസ് തുടങ്ങി. റിയാദില്‍ നിന്നെത്തിയ സൗദി എയര്‍ലൈൻസ് വിമാനമാണ് വിമാനത്താവളത്തിലെ പുതിയ റണ്‍വേയില്‍ വ്യാഴാഴ്ച രാവിലെ ഇറങ്ങിയത്.
റെഡ്സീ വിമാനത്താവളത്തില്‍ ഇറങ്ങുന്ന ആദ്യ വിമാനമാണിത്. ഇതോടെ സൗദി എയര്‍ലൈൻസിന്റെ വിമാന ഷെഡ്യൂളിലേക്ക് പുതിയൊരു ലക്ഷ്യസ്ഥാനം കൂടി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. അടുത്തിടെയാണ് സൗദി എയര്‍ലൈൻസും റെഡ് സീ വിമാനത്താവള ഓപറേറ്റിങ് കമ്ബനിയും തമ്മില്‍ റെഡ് സീ വിമാനത്താവളത്തിലേക്ക് വിമാന സര്‍വിസുകള്‍ ആരംഭിക്കുന്നതിനുള്ള ധാരണയില്‍ ഒപ്പിട്ടത്.
വ്യാഴം, ശനി ദിവസങ്ങളില്‍ ആഴ്ചയില്‍ രണ്ടു സര്‍വിസുകളാണ് നിലവിലുണ്ടാകുക. അതേ ദിവസംതന്നെ റിയാദിലേക്ക് മടങ്ങും. റിയാദില്‍നിന്ന് റെഡ് സീ വിമാനത്താവളത്തിലേക്കുള്ള യാത്രക്ക് രണ്ടു മണിക്കൂറില്‍ താഴെ സമയമെടുക്കും. വ്യാഴാഴ്ചത്തെ വിമാനം റിയാദില്‍നിന്ന് രാവിലെ 10.50ന് പുറപ്പെട്ട് ഉച്ചക്ക് 1.35ന് മടങ്ങും. ശനിയാഴ്ചത്തെ വിമാനം ഉച്ചക്ക് 12.50ന് റിയാദില്‍നിന്ന് പുറപ്പെടും.