ദോഹ: ചൈനയിലെ ഹാങ്ചുവിലെ ഏഷ്യൻ ഗെയിംസ് വേദിയില്‍ ഖത്തര്‍ ദേശീയ പതാക ഉയര്‍ന്നു. ഗെയിംസ് വില്ലേജില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ഒളിമ്ബിക് കമ്മിറ്റി സെക്കൻഡ് വൈസ് പ്രസിഡന്റ് ഡോ.
ഥാനി ബിൻ അബ്ദുല്‍റഹ്മാൻ അല്‍ കുവാരി, ഒളിമ്ബിക് കമ്മിറ്റി പ്രതിനിധി ജാസിം ബിൻ റാഷിദ് അല്‍ ബുഐനൈൻ, ചെഫ് ഡി മിഷൻ റാഷിദ് അദിബ എന്നിവരെ സാക്ഷിയാക്കിയായിരുന്നു പതാക ഉയര്‍ത്തിയത്. ഗെയിംസില്‍ മാറ്റുരക്കുന്ന ഖത്തര്‍ ടീം അംഗങ്ങളും ഒഫീഷ്യലുകളും ഉദ്യോഗസ്ഥരുമെല്ലാം പങ്കാളികളായി.
ഏഷ്യൻ ഗെയിംസിലെ മെഡല്‍ പോരാട്ടങ്ങള്‍ക്ക് ശനിയാഴ്ചയാണ് തുടക്കം കുറിക്കുന്നത്. അതേസമയം, പുരുഷ ഫുട്ബാള്‍ ഗ്രൂപ് റൗണ്ടില്‍ ആദ്യ കളിയില്‍ ജപ്പാനോട് തോറ്റ ഖത്തര്‍, രണ്ടാം അങ്കത്തില്‍ ഫലസ്തീനെതിരെ ഗോള്‍രഹിത സമനില വഴങ്ങി. ഇതോടെ, നേരിട്ടുള്ള പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നഷ്ടമായ ടീം മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒരാളായി മുന്നേറാമെന്ന പ്രതീക്ഷയിലാണ്. ആദ്യ കളിയില്‍ ജപ്പാനെതിരെ 3-1നായിരുന്നു ഖത്തറിന്റെ തോല്‍വി.
വെള്ളിയാഴ്ച നടന്ന രണ്ടാം അങ്കത്തില്‍ ഫലസ്തീനെതിരെ പൊരുതിക്കളിച്ചിട്ടും ഗോള്‍ നേടാൻ കഴിഞ്ഞില്ല. മൂന്ന് പേരുള്ള ഗ്രൂപ്പില്‍ ഒരു പോയന്റുമായി അവസാന സ്ഥാനത്താണ് ഖത്തര്‍. ഇനി, മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒരാളായി പ്രീക്വാര്‍ട്ടറില്‍ ഇടം നേടാമെന്ന പ്രതീക്ഷയിലാണ്. അതേസമയം, പുരുഷ വോളിബാളില്‍ പൂള്‍ മത്സരത്തില്‍ രണ്ട് ജയവുമായി കുതിച്ച ഖത്തര്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. കഴിഞ്ഞ ദിവസം പ്രീക്വാര്‍ട്ടറില്‍ ബഹ്റൈനെ 3-1ന് തോല്‍പിച്ചാണ് ടീം ക്വാര്‍ട്ടറിലെത്തിയത്. ഞായറാഴ്ചത്തെ ക്വാര്‍ട്ടറില്‍ പാകിസ്താനാണ് എതിരാളി. 23-25, 25-18, 19-25, 17-25 എന്ന സ്കോറിനാണ് ടീം ബഹ്റൈനെ തോല്‍പിച്ചത്.