Thursday, May 2, 2024
HomeUSAബജറ്റ് പാസാക്കുന്നതില്‍ ഭിന്നത; യുഎസ് സര്‍ക്കാര്‍ സ്തംഭനത്തിലേക്ക്

ബജറ്റ് പാസാക്കുന്നതില്‍ ഭിന്നത; യുഎസ് സര്‍ക്കാര്‍ സ്തംഭനത്തിലേക്ക്

വാഷിംഗ്ടണ്‍ ഡിസി: ബജറ്റ് പാസാക്കുന്നതില്‍ ഭരണപക്ഷ ഡെമോക്രാറ്റുകളും പ്രതിപക്ഷ റിപ്പബ്ലിക്കന്മാരും തമ്മില്‍ തുടരുന്ന അഭിപ്രായവ്യത്യാസം അമേരിക്കയില്‍ വീണ്ടും സര്‍ക്കാര്‍ സ്തംഭനത്തിന് (ഷട്ട്ഡൗണ്‍) ഇടയാക്കിയേക്കും.
സാന്പത്തികവര്‍ഷം ആരംഭിക്കുന്ന ഒക്‌ടോബര്‍ ഒന്നിനു മുന്പായി ബജറ്റ് പാസാക്കിയാലേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് ഫണ്ട് ലഭിക്കൂ.

അന്തിമതീയതി അടുക്കുന്ന സമയത്ത് ബജറ്റ് പാസാക്കാതെതന്നെ ഫണ്ട് ലഭ്യമാക്കുന്ന ഒത്തുതീര്‍പ്പില്‍ ഭരണ- പ്രതിപക്ഷങ്ങള്‍ എത്താറാണ് സാധാരണ പതിവ്. എന്നാല്‍ ഇക്കുറി ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പാര്‍ട്ടിയിലെ ഒരു വിഭാഗം തീവ്രനിലപാടുകാര്‍ ഒരുവിധ വിട്ടുവീഴ്ചയ്ക്കും തയാറല്ല. കര്‍ശനമായ ചെലവുചുരുക്കല്‍ നടപടികള്‍ക്കു പുറമേ റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നു സാന്പത്തികസഹായം നല്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

ഹൗസ് സ്പീക്കര്‍ കെവിൻ മക്കാര്‍ത്തിയടക്കമുള്ള മിതാവാദി റിപ്പബ്ലിക്കന്മാര്‍ ഡെമോക്രാറ്റുകളുമായി വിട്ടുവീഴ്ചയ്ക്ക് ഒരുക്കമാണ്. ഇങ്ങനെ സംഭവിച്ചാല്‍ മക്കാര്‍ത്തിയുടെ സ്പീക്കര്‍ പദവി തെറിപ്പിക്കുമെന്നാണ് തീവ്ര റിപ്പബ്ലിക്കന്മാര്‍ മുന്നറിയിപ്പു നല്കിയിരിക്കുന്നത്.

ഒത്തുതീര്‍പ്പ് ഉണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ ഏജൻസികളിലെ വലിയൊരു വിഭാഗം ഫണ്ടിന്‍റെ അഭാവത്താല്‍ ഞായാറാഴ്ച മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും.

സോഷ്യല്‍ സെക്യൂരിറ്റി ഇടപാടുകള്‍ തടസപ്പെടാം. ഭക്ഷ്യസുരക്ഷ നിര്‍ത്തിവയ്ക്കേണ്ടിവരും. ദേശീയ ഉദ്യാനങ്ങളും പൂട്ടും. നികുതി റീഫണ്ട് പ്രവര്‍ത്തനങ്ങളെയും ബാധിക്കാം. പോലീസ്, ആരോഗ്യ സുരക്ഷ, വ്യോമയാനം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ ഏജൻസികള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. 50 വര്‍ഷത്തിനിടെ അമേരിക്ക നേരിടുന്ന 22-ാമത് ഷട്ട്ഡൗണ്‍ ആയിരിക്കുമിത്. അവസാനത്തേത് 2019ലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular