Saturday, May 18, 2024
HomeKeralaക്ഷീരമേഖലക്ക് അഭിമാനമായി മാട്ടുപ്പെട്ടിയിലെ ഇന്തോ-സ്വിസ് പ്രോജക്‌ട്

ക്ഷീരമേഖലക്ക് അഭിമാനമായി മാട്ടുപ്പെട്ടിയിലെ ഇന്തോ-സ്വിസ് പ്രോജക്‌ട്

മൂന്നാര്‍: കേരളത്തിന്‍റെ ഗ്രാമീണ സമ്ബദ്വ്യവസ്ഥക്ക് കരുത്തേകിയ സങ്കരവര്‍ഗ കന്നുകാലികളുടെ മുഖ്യ പ്രജനനകേന്ദ്രമാണ് മാട്ടുപ്പെട്ടിയിലെ ഇന്തോ-സ്വിസ് പ്രോജക്‌ട്.

പാല്‍ ഉല്‍പാദനം മെച്ചപ്പെടുത്തി സംസ്ഥാനത്ത് ലക്ഷക്കണക്കിന് ക്ഷീരകര്‍ഷകര്‍ മികച്ച വരുമാനത്തിലൂടെ ദാരിദ്യരേഖക്ക് മുകളിലെത്തിയെന്ന ചരിത്രവസ്തുതക്ക് ഈ കേന്ദ്രം നല്‍കിയ സംഭാവന ഏറെ വലുതാണ്. കൃതിമ ബീജസങ്കലനം വഴിയാണ് ഈ നേട്ടം കൈവരിക്കാനായത്. കൃത്രിമ ബീജസങ്കലനത്തിലൂടെ സുനന്ദിനി എന്ന കേരളത്തിന്‍റെ തനത് സങ്കരവര്‍ഗ കന്നുകാലി ജനുസ്സിന്‍റെ ജന്മസ്ഥലം കൂടിയാണ് മാട്ടുപ്പെട്ടി.

1963ല്‍ സ്വിസ് അംബാസഡറുടെ മൂന്നാര്‍ സന്ദര്‍ശന വേളയിലാണ് കന്നുകാലി ഗവേഷണ രംഗത്ത് മാട്ടുപ്പെട്ടിയുടെ സാധ്യത വിലയിരുത്തപ്പെട്ടത്. തുടര്‍ന്ന് സ്വിസ് സര്‍ക്കാറിന്‍റെ സഹകരണത്തോടെ അതിനുള്ള പദ്ധതി തയാറാക്കി. മാട്ടുപ്പെട്ടിയില്‍ സ്കൂളിനായി നീക്കിയിട്ടിരുന്ന സ്ഥലം സംസ്ഥാന കന്നുകാലി വികസന ബോര്‍ഡിന് വിട്ടുനല്‍കിയതോടെയാണ് ദക്ഷിണേന്ത്യയിലെ ആദ്യ ഗാഢ ശീതീകൃത ബീജോല്‍പാദനകേന്ദ്രം സ്ഥാപിതമായതും 1967ല്‍ ബീജോല്‍പാദനം ആരംഭിച്ചതും.

ഇന്തോ-സ്വീസ് എന്ന താല്‍ക്കാലിക വകുപ്പിന് കീഴിലായിരുന്നു പ്രവര്‍ത്തനം. പിന്നീട് 1985ല്‍ മില്‍മക്ക് കൈമാറി. അത്യുല്‍പാദന ശേഷിയുള്ള മൂരിക്കുട്ടികളെ ഉല്‍പാദിപ്പിക്കുകയും അതുവഴി ബീജശേഖരണം നടത്തുകയും ചെയ്യുന്നതിന് ആധുനിക ബുള്‍ മദര്‍ ഫാം ഈ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നു.

കാളക്കുട്ടികള്‍ക്ക് ഒന്നര വയസ്സുമുതല്‍ പരിശീലനം നല്‍കി രണ്ട് വയസ്സാകുമ്ബോഴേക്കും ബീജശേഖരണത്തിന് പ്രാപ്തമാകുന്ന മൂരിയായി മാറ്റും. 510 ഏക്കറില്‍ പരന്നു കിടക്കുന്ന ഈ ഗവേഷണ കേന്ദ്രത്തില്‍ പരമ്ബരാഗത കന്നുകാലി പരിപാലന രീതിവിട്ട് നൂതന മുറകളാണ് അവലംബിക്കുന്നത്. തീറ്റ, ജലപാനം, കറവ, വിശ്രമം എന്നിവക്കെല്ലാം പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുന്നു. കന്നുകാലികള്‍ക്ക് സമീകൃത ആഹാരം ഒരുക്കുന്നതിനുള്ള യന്ത്രവത്കൃത സംവിധാനവും ഇവിടെയുണ്ട്.

ഒരേസമയം 12 പശുക്കളെ കറക്കുന്നതിനുള്ള പാര്‍ലര്‍ സംവിധാനവും ഇവിടെ കാണാം. ഓരോ പശുവില്‍നിന്നും ലഭിക്കുന്ന പാലിന്‍റെ അളവും കമ്ബ്യൂട്ടര്‍ രേഖപ്പെടുത്തും. കറന്നെടുക്കുന്ന പാല്‍ മനുഷ്യസ്പര്‍ശം കൂടാതെ അകിടില്‍നിന്ന് സംഭരണിയിലേക്ക് എത്തുന്നതുവഴി പരിശുദ്ധി നിലനിര്‍ത്താനും കഴിയുന്നു. ഒരു ദിവസം രണ്ടു തവണവീതം പശുക്കളുടെ തൂക്കവും രേഖപ്പെടുത്തും. ഗഷേണകേന്ദ്രത്തിലെ തീറ്റപ്പുല്‍കൃഷിക്ക് ഇവിടുത്തെ ചാണകമിശ്രിതമാണ് ഉപയോഗിക്കുന്നത്.

കുന്നുംമലയും പുല്‍മേടുകളും നിറഞ്ഞ് പ്രകൃതിമനോഹരമായ ഇൻഡോ-സ്വിസ് പദ്ധതിപ്രദേശം ഒരു പതിറ്റാണ്ട് മുമ്ബുവരെ സിനിമക്കാരുടെ ഇഷ്ടലൊക്കേഷൻ കൂടിയായിരുന്നു. വിവിധ ഭാഷകളിലായി ഒട്ടേറെ ജനപ്രിയ സിനിമകള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. കന്നുകാലികളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് ഇവിടെ ഇപ്പോള്‍ സന്ദര്‍ശക നിരോധനമുള്ളതിനാല്‍ സിനിമ ചിത്രീകരണവും അനുവദിക്കുന്നില്ല. അഞ്ചര പതിറ്റാണ്ടിനിടെ കേരളത്തിന്‍റെ ക്ഷീരമേഖലയെ സ്വയംപര്യാപ്തതയിലേക്ക് അടുപ്പിച്ച മാട്ടുപ്പെട്ടിയിലെ ഈ ഗവേഷണ കേന്ദ്രം മൂന്നാറിനും ഇടുക്കി ജില്ലക്കും മാത്രമല്ല രാജ്യത്തിനാകെത്തന്നെ അഭിമാനമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular