Saturday, May 4, 2024
HomeIndiaതമിഴ്നാടിന് 3000 ഘനയടി കാവേരി ജലം; കര്‍ണാടക വീണ്ടും സുപ്രീംകോടതിയിലേക്ക്

തമിഴ്നാടിന് 3000 ഘനയടി കാവേരി ജലം; കര്‍ണാടക വീണ്ടും സുപ്രീംകോടതിയിലേക്ക്

ബംഗളൂരു: തമിഴ്നാടിന് 3000 ഘനയടി കാവേരി ജലം നല്‍കണമെന്ന കാവേരി വാട്ടര്‍ റെഗുലേഷൻ കമ്മിറ്റി (സി.ഡബ്ല്യു.ആര്‍.സി) പുതിയ ഉത്തരവിനെതിരെ കര്‍ണാടക സുപ്രീംകോടതിയെ സമീപിക്കുന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച ചാമരാജ്നഗറില്‍ മാധ്യമങ്ങളെ അറിയിച്ചതാണിത്. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 15 വരെ ദിവസവും ഇത്രയും വെള്ളം വിട്ടുനല്‍കണമെന്നാണ് ഉത്തരവ്. ഇതിനെതിരെ സംസ്ഥാനത്ത് വിവിധ കര്‍ഷക സംഘടനകളും കന്നട അനുകൂല സംഘടനകളും സമരപാതയിലാണ്.

വെള്ളിയാഴ്ച സംസ്ഥാന വ്യാപക ബന്ദും നടക്കുന്നുണ്ട്. നേരത്തേ ദിവസവും 5000 ഘനയടി വെള്ളം നല്‍കണമെന്നാണ് കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റി ഉത്തരവിട്ടിരുന്നത്. ഇത് 3000 ആക്കിയ പുതിയ ഉത്തരവില്‍ കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ സന്തുഷ്ടി അറിയിച്ചിരുന്നു.

വരള്‍ച്ചഭീഷണിയുള്ളതിനാല്‍ തമിഴ്നാടിന് വെള്ളം നല്‍കാൻ കഴിയില്ലെന്ന നിലപാടാണ് ഡല്‍ഹിയില്‍ നടന്ന റെഗുലേഷൻ കമ്മിറ്റി യോഗത്തില്‍ കര്‍ണാടക സ്വീകരിച്ചിരുന്നത്. 161 താലൂക്കുകള്‍ വരള്‍ച്ചബാധിതമായും 34 താലൂക്കുകള്‍ വരള്‍ച്ച ഭീഷണി നേരിടുന്നവയായും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നാല് അണക്കെട്ടുകളിലെയും ജലനിരപ്പ് 53.04 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

എന്നാല്‍, കാര്‍ഷിക ജലസേചനത്തിന് നല്‍കേണ്ട വെള്ളംപോലും കര്‍ണാടക തങ്ങള്‍ക്ക് കൃത്യമായി നല്‍കുന്നില്ലെന്നാണ് തമിഴ്നാടിന്റെ ആരോപണം. വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് കര്‍ണാടകയുടെ ഹരജി പരിഗണിച്ച്‌ നേരത്തേ സുപ്രീംകോടതി നിലപാടെടുത്തിരുന്നു. എന്നാല്‍, പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular