അമ്ബലപ്പുഴ: ദിവസങ്ങളായി തുള്ളിവെള്ളം കിട്ടാതെ വലഞ്ഞ് അമ്ബലപ്പുഴ വടക്ക് പഞ്ചായത്തിലെ കുറവന്തോട് ജങ്ഷന് പടിഞ്ഞാറ് ഭാഗത്തെ 15ഓളം വീട്ടുകാര്‍.
എന്നാല്‍, പൈപ്പ്പൊട്ടി വെള്ളം പാഴാകുന്ന കാഴ്ചയാണ് തെക്ക് പഞ്ചായത്തില്‍.
ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കാന നിര്‍മാണത്തിനായി കുഴിയെടുത്തപ്പോള്‍ പൈപ്പ് പൊട്ടിയതാണ് വടക്ക് പഞ്ചായത്തില്‍ വെള്ളം മുടങ്ങാൻ കാരണം. പലതവണ പഞ്ചായത്തിലും ജലഅതോറിറ്റിയിലും അറിയിച്ചെങ്കിലും നടപടിയായില്ല. പഞ്ചായത്ത് അംഗം പോലും തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
എന്നാല്‍, തൊട്ടടുത്ത തെക്ക് പഞ്ചായത്തില്‍ അമ്ബലപ്പുഴ കച്ചേരി മുക്കിന് തെക്ക് ഭാഗം ഡിവൈഡര്‍ അവസാനിക്കുന്നതിന്‍റെ കിഴക്കു ഭാഗത്തായാണ് പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത്. ദേശീയപാത നിര്‍മാണത്തിന്‍റെ ഭാഗമായി മണ്ണുമാന്തി ഉപയോഗിച്ച് നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് പൈപ്പ് പൊട്ടിയത്. ഇതോടെ പ്രദേശമാകെ വെള്ളം കയറി. തൊട്ടടുത്ത ചെറുറോഡിലൂടെ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം സമീപത്തെ പുരയിടങ്ങളിലും കടകളുടെ മുന്നിലും ഒഴുകി കെട്ടിക്കിടക്കുകയാണ്.
വൻ തോതില്‍ കുടിവെള്ളം പാഴാകുന്നത് വാട്ടര്‍ അതോറിറ്റി അധികൃതരെ അറിയിച്ചിട്ടും പരിഹാരമായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി പലസ്ഥലത്തും നിര്‍മാണത്തിനിടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നതായും പരാതിയുണ്ട്.