തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവിധ സാധനങ്ങളുടെ ലേലത്തിന് തുടക്കമായി. ലേലത്തില്‍ 25 കിലോ മയില്‍പ്പീലി വിറ്റുപോയി.
11,800 രൂപയ്ക്കാണ് മയില്‍പ്പീലി ലേലത്തില്‍ വിറ്റുപോയത്. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ നാലമ്ബലത്തിനുള്ളിലും പുറത്ത് ദീപസ്തംഭത്തിനടുത്തുള്ള വലിയ ഭണ്ഡാരത്തിന് മുകളിലും മയില്‍പ്പീലി സമര്‍പ്പിക്കുന്നത് പതിവാണ്. ഇവയാണ് ലേലത്തിന് വെച്ചിരുന്നത്.
105 വാച്ചുകളും ലേലത്തില്‍ വിറ്റഴിച്ചു. ജിഎസ്ടി ഉള്‍പ്പെടെ 18,644 രൂപയ്ക്കാണ് ലേലം നടന്നത്. ഒരാള്‍ തന്നെയാണ് പലതരത്തിലുള്ള വാച്ചുകളെല്ലാം സ്വന്തമാക്കിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം വഴിപാടായി ലഭിച്ചതും ഭക്തരില്‍ നിന്നും നഷ്ടപ്പെട്ടതുമായ ഉരുപ്പടികളുടെ ലേലമാണ് ഇന്ന് നടന്നത്. വിളക്കുലേലമെന്നാണ് ഇത് അറിയപ്പെടുന്നത്.
പലതരം അലങ്കാര വിളക്കുകള്‍, മരം കൊണ്ടുള്ള വിളക്കുകള്‍, അലുമിനിയം പാത്രങ്ങള്‍, പിച്ചള-സ്റ്റീല്‍ കുടങ്ങള്‍, തളികകള്‍, വീല്‍ച്ചെയറുകള്‍, കസേരകള്‍, ടയറുകള്‍, തുടങ്ങിയവയെല്ലാം ലേലത്തില്‍ വിറ്റുപോയി.