ഹൈദരാബാദ്: പാകിസ്താൻ ഉയര്‍ത്തിയ റണ്‍മല അനായാസം മറികടന്ന് ന്യൂസിലാൻഡ് ആദ്യ സന്നാഹ മത്സരം ഗംഭീരമാക്കി. അഞ്ച് വിക്കറ്റിനാണ് കീവീസ് പാകിസ്താനെ തകര്‍ത്തത്.
ഹൈദരാബാദ് ഉപ്പല്‍ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താൻ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 345 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ മുഹമ്മദ് റിസ് വാന്റെയും (103) നായകൻ ബാബര്‍ അസമിന്റെയും (80) സഉദ് ഷക്കീലിന്റെയും (75) ബാറ്റിങ് മികവിലാണ് പാക് ടീം കൂറ്റൻ സ്കോറിലെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കീവീസ് 43.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഓപണര്‍ രചിൻ രവീന്ദ്ര (97), കെയ്ൻ വില്യംസണ്‍ (54), ഡാരി മിച്ചല്‍ (59), മാര്‍ക്ക് ചാപ്പ്മാൻ (65) എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോര്‍ അതിവേഗം മറികടന്നത്. അര്‍ധ സെഞ്ച്വറി നേടിയ കെയ്ൻ വില്യംസണും ഡാരി മിച്ചലും പരിക്കിനെ തുടര്‍ന്ന് ഇടക്ക് കളംവിട്ടെങ്കിലും കീവിസിന്റെ വിജയ ദൗത്യം ചാപ്പ്മാനും ജെയിംസ് നീഷാമും (33) ഏറ്റെടുക്കുകയായിരുന്നു. പാകിസ്താന് വേണ്ടി ഉസാമ മിര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.