Tuesday, December 5, 2023
HomeIndiaബന്ദ് പൂര്‍ണം, സമാധാനപരം

ബന്ദ് പൂര്‍ണം, സമാധാനപരം

ബംഗളൂരു: തമിഴ്നാടിന് കാവേരി വെള്ളം വിട്ടുനല്‍കണമെന്ന ഉത്തരവിനെതിരെ കര്‍ണാടകയില്‍ വെള്ളിയാഴ്ച നടന്ന സംസ്ഥാന വ്യാപക ബന്ദ് സമാധാനപരം.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ നടത്തിയ ബന്ദില്‍ ജനജീവിതം സ്തംഭിച്ചു. തീവ്ര കന്നട അനുകൂല സംഘടനയായ കന്നട ചലാവലി വാട്ടാല്‍ പക്ഷയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. വിവിധ കര്‍ഷക സംഘടനകളും കര്‍ണാടക ജലസംരക്ഷണ കമ്മിറ്റിയും ബി.ജെ.പി, ജെ.ഡി.എസ്, ആം ആദ്മി പാര്‍ട്ടികളും പിന്തുണ നല്‍കിയിരുന്നു. ജലക്ഷാമം നേരിടുന്ന കര്‍ണാടക, തമിഴ്നാടിന് വെള്ളം നല്‍കുന്നതിനെ എന്തുവില കൊടുത്തും ചെറുത്തുതോല്‍പിക്കുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചു.

മെട്രോ പതിവുപോലെ സര്‍വിസ് നടത്തിയെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു. രാവിലെ 10ന് ടൗണ്‍ഹാളില്‍ നിന്ന് ഫ്രീഡം പാര്‍ക്കിലേക്ക് സിനിമ താരങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധ റാലി നടത്തി. പ്രധാന നഗരങ്ങളായ ബംഗളൂരു, മൈസൂരു, മാണ്ഡ്യ, രാമനഗര, ചാമരാജ്നഗര്‍, കുടഗ്, ഹാസൻ, ഹുബ്ബള്ളി, മംഗളൂരു തുടങ്ങിയയിടങ്ങളില്‍ ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചു. സ്കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. ബംഗളൂരുവില്‍ ബി.എം.ടി.സി, കര്‍ണാടക ആര്‍.ടി.സി ബസുകള്‍ ഓടിയെങ്കിലും യാത്രക്കാര്‍ നന്നേ കുറവായിരുന്നു. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം 44 വിമാനങ്ങള്‍ റദ്ദാക്കി.

ബംഗളൂരുവിലേക്കുള്ള 22ഉം ബംഗളൂരുവില്‍ നിന്നുള്ള 22ഉം സര്‍വിസുകളാണ് റദ്ദാക്കിയതെന്നും ഇക്കാര്യം യാത്രക്കാരെ നേരത്തേ അറിയിച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിനരികെ പ്രതിഷേധിച്ച 12 സമരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരു നഗരത്തില്‍ ബന്ദ് ദിനത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. കൂട്ടംകൂടിയ 785ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ബംഗളൂരുവില്‍ ബന്ദ് സമാധാന പൂര്‍ണമായിരുന്നുവെന്നും ഫ്രീഡം പാര്‍ക്കില്‍ നടന്ന സമരത്തില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തുവെന്നും ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ബി. ദയാനന്ദ് പറഞ്ഞു. കര്‍ണാടക-തമിഴ്നാട് അതിര്‍ത്തികളില്‍ പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു.

കടകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവ അടഞ്ഞുകിടന്നു. ഐ.ടി കമ്ബനികളും വെള്ളിയാഴ്ച അവധി നല്‍കിയിരുന്നു. രാവിലെ തുറന്ന മലയാളികളുടേത് അടക്കമുള്ള ചില സ്ഥാപനങ്ങള്‍ 10.30ഓടെ സമരക്കാരെത്തി അടപ്പിച്ചു. സംസ്ഥാനത്തെ ദേശീയ-സംസ്ഥാന പാതകള്‍ സമരക്കാര്‍ ഉപരോധിച്ചു. ആറുമണിക്കുശേഷം മിക്ക കടകളും തുറന്നുപ്രവര്‍ത്തിച്ചു.

തമിഴ്നാടിന് 3000 ഘനയടി കാവേരി ജലം നല്‍കണമെന്നാണ് ഒടുവില്‍ കാവേരി വാട്ടര്‍ റെഗുലേഷൻ കമ്മിറ്റി (സി.ഡബ്ല്യു.ആര്‍.സി) പുതിയ ഉത്തരവ്. നേരത്തെ ദിവസവും 5000 ഘനയടി വെള്ളം നല്‍കാനാണ് ഉത്തരവിട്ടത്. എന്നാല്‍, വരള്‍ച്ചാ ഭീഷണിയുള്ളതിനാല്‍ തമിഴ്നാടിന് വെള്ളം നല്‍കാൻ കഴിയില്ലെന്ന നിലപാടാണ് കര്‍ണാടകയുടേത്. റെഗുലേഷൻ കമ്മിറ്റിയുടെ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം, സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് ഉപമുഖ്യമന്ത്രിയും ജലവകുപ്പ് മന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

തീരെ കുറവ് മഴ ലഭിച്ചതിനാല്‍ കര്‍ണാടക നേരിടുന്ന പ്രതിസന്ധി തമിഴ്നാടിനെ ബോധ്യപ്പെടുത്തി പ്രശ്നപരിഹാരത്തിന് ഫോര്‍മുല രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular