ഏഷ്യൻ ഗെയിംസ് ടെന്നീസ് മിക്സ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഋതുജ ഭോസലെ സഖ്യത്തിന് സ്വര്‍ണം. ചൈനയുടെ എൻഷുവോ ലിയാംഗ്-സംഗ് ഹാവോ സഖ്യത്തെ വീഴ്ത്തിയാണ് ഇന്ത്യ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്. സ്കോര്‍: 2-6,6-3,10-4.
ആദ്യ സെറ്റ് നഷ്ടമായെങ്കിലും രണ്ടാം സെറ്റ് പിടിച്ചടക്കിയും മൂന്നാം സെറ്റ് ടൈബ്രേക്കര്‍ നിസാരമായി സ്വന്തമാക്കിയുമാണ് ഇന്ത്യ മെഡലിലേക്ക് കുതിച്ചത്. 43 വയസുകാരനായ ബൊപ്പണയുടെ രണ്ടാം ഏഷ്യൻ ഗെയിംസ് മെഡല്‍ ആണിത്. 2018 ജക്കാര്‍ത്ത ഏഷ്യൻ ഗെയിംസിലെ പുരുഷ ഡബിള്‍സ് മത്സരത്തില്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യം സ്വര്‍ണം നേടിയിരുന്നു. ഈ സ്വര്‍ണനേട്ടം ആവര്‍ത്തിക്കാനായി ഹാംഗ്ഷു ഗെയിംസിനെത്തിയ യുകി ബാംബ്രി-ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടില്‍ തന്നെ പുറത്തായത് ഏവരെയും ഞെട്ടിച്ചിരുന്നു.
ഇതിനിടെ, ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാവ് മീരാഭായ് ചാനു മെഡലില്ലാതെ ഹാംഗ്ഷുവിനോട് വിടപറഞ്ഞു. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ചാനു നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വലതുകാലിന്‍റെ തുടയ്ക്കേറ്റ പരിക്ക് മൂലം, മത്സരത്തില്‍ ആകെ 191 കിലോഗ്രാം മാത്രമാണ് ചാനുവിന് ഉയര്‍ത്താൻ സാധിച്ചത്.
ഉത്തര കൊറിയയുടെ സോംഗം റു ലോക റിക്കാര്‍ഡോടെ(216 കിലോഗ്രാം) മത്സരത്തില്‍ സ്വര്‍ണം കരസ്ഥമാക്കി.