അഹ്മദാബാദ്: ചരിത്രത്തിലാദ്യമായി ഇന്ത്യ ഒറ്റക്ക് ആതിഥ്യമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് വീഴാൻ ഇനി ഓരോ പകലും രാത്രിയും ബാക്കി.
ലോക കിരീടത്തിനായി പത്തു ടീമുകള്‍ മാറ്റുരക്കുന്ന അങ്കങ്ങള്‍ ഒന്നര മാസക്കാലം രാജ്യത്തെ പത്തു വേദികളിലായി നടക്കും.
നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലൻഡും വ്യാഴാഴ്ച ഉച്ചക്ക് മൊട്ടേരയില്‍ ആദ്യ മത്സരത്തിനിറങ്ങും. ഇന്ത്യ, ആസ്ട്രേലിയ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, നെതര്‍ലൻഡ്സ്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവയാണ് മറ്റു ടീമുകള്‍. നവംബര്‍ 19ന് അഹ്മദാബാദിലാണ് ഫൈനല്‍.
രണ്ടു തവണ ചാമ്ബ്യന്മാരായ ഇന്ത്യ 13ാം ലോകകപ്പിനിറങ്ങുന്നത് മൂന്നാം കിരീടം ലക്ഷ്യമിട്ടാണ്. 1983ലും 2011ലുമാണ് ഇന്ത്യ ജേതാക്കളായത്.
മോദി സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടത്താൻ നേരത്തേ നിശ്ചയിച്ചിരുന്ന ഉദ്ഘാടനച്ചടങ്ങുകളൊന്നും ഉണ്ടാവില്ലെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. ആശ ഭോസ്‌ലെ, രണ്‍വീര്‍ സിങ്, തമന്ന ഭാട്ടിയ, ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവൻ, അരിജിത് സിങ് തുടങ്ങിയ കലാകാരന്മാരെ അണിനിരത്തി നിറപ്പകിട്ടാര്‍ന്ന പരിപാടികള്‍ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആസൂത്രണം ചെയ്തിരുന്നു.
ഇന്ന് പത്തു ടീമുകളുടെയും ക്യാപ്റ്റന്മാരുടെ സംഗമവും തുടര്‍ന്ന് ലേസര്‍ ഷോയും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫൈനല്‍ ദിവസമോ ഒക്ടോബര്‍ 14ലെ ഇന്ത്യ-പാകിസ്താൻ മത്സരത്തോടനുബന്ധിച്ചോ പരിപാടികള്‍ നടത്താനാണ് പദ്ധതി.
ലോകകപ്പിന്റെ ഗ്ലോബല്‍ അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുല്‍കറിനെ ഐ.സി.സി നിയമിച്ചു. അതേസമയം, നൂറുദിന കൗണ്ട് ഡൗണ്‍ പ്രമാണിച്ച് ബഹിരാകാശത്തുനിന്ന് തുടങ്ങിയ ട്രോഫി പര്യടനം വിവിധ രാജ്യങ്ങള്‍ താണ്ടി ഗുജറാത്തിലെത്തിയിട്ടുണ്ട്. നര്‍മദ ജില്ലയിലെ ഏകത പ്രതിമക്ക് സമീപം ട്രോഫി പ്രദര്‍ശിപ്പിച്ചു.
തിരുവനന്തപുരം: കാര്യവട്ടത്ത് നടന്ന മൂന്നാം ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലാൻഡിന് ഏഴ് റണ്‍സ് വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു. ഡിവോണ്‍ കോണ്‍വേയും (78) വികറ്റ് കീപ്പര്‍ ടോം ലതാമും (51) അര്‍ധ സെഞ്ച്വറി നേടി. നായകൻ കെയ്ൻ വില്യംസണ്‍ 37 റണ്‍സെടുത്തു.
ദക്ഷിണാഫ്രിക്കൻ ബൗളര്‍മാരില്‍ ലുങ്കി എൻഗിഡിയും മാര്‍കോ ജെൻസനും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസിനെ മൂന്നാം പന്തില്‍ തന്നെ ട്രെന്‍റ് ബോള്‍ട്ട് വിറപ്പിച്ചു. റീസ ഹെൻഡ്രിക്സിനെ (പൂജ്യം) വിക്കറ്റിന് മുന്നില്‍ കുരുക്കി. റാസി വാൻഡര്‍ ഡസൻ (51), ഐഡൻ മാര്‍ക്രം (13), ക്ലാസൻ (39), ഡേവിഡ് മില്ലര്‍ (18*) എന്നിവരെ കൂട്ടുപിടിച്ച് ക്വിന്‍റണ്‍ ഡീക്കോക്ക് (84*) പൊരുതിയതോടെ കളി ആവേശത്തിലായി.
37 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സില്‍ നില്‍ക്കെ മഴയെത്തി. ഇതോടെ മഴ നിയമപ്രകാരം കിവീസിനെ ഏഴ് റണ്‍സിന് വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെ പാകിസ്താനെതിരായ സന്നാഹമത്സരത്തിലും കിവീസ് അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു.