Tuesday, April 30, 2024
HomeKeralaന്യൂസ് ക്ലിക്ക് എഡിറ്ററെയും എച്ച്‌.ആര്‍ മാനേജരെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ന്യൂസ് ക്ലിക്ക് എഡിറ്ററെയും എച്ച്‌.ആര്‍ മാനേജരെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: ഇന്ത്യാവിരുദ്ധ പ്രചാരണത്തിന് ചൈനയുടെ ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ച്‌ അറസ്റ്റിലായ ഓണ്‍ലൈൻ മാധ്യമം ‘ന്യൂസ് ക്ലിക്കി’ന്‍റെ എഡിറ്റര്‍ ഇൻ ചീഫ് പ്രബീര്‍ പുരകായസ്ത, ഹ്യൂമൻ റിസോഴ്സസ് വിഭാഗം മാനേജര്‍ അമിത് ചക്രവര്‍ത്തി എന്നിവരെ കസ്റ്റഡിയില്‍വിട്ടു.

ഏഴ് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരെയും മജിസ്ട്രേറ്റിന്‍റെ വസതിയില്‍ ഹാജരാക്കിയത്.

ഇന്നലെയാണ് ഇന്ത്യാവിരുദ്ധ പ്രചാരണത്തിന് ചൈനയുടെ ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ച്‌ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ പ്രകാരം കേസെടുത്ത ഡല്‍ഹി പൊലീസ് ഓണ്‍ലൈൻ മാധ്യമമായ ‘ന്യൂസ് ക്ലിക്’ ഓഫിസ് പൂട്ടി മുദ്രവെച്ചത്. എഡിറ്റര്‍ ഇൻ ചീഫ് പ്രബീര്‍ പുരകായസ്ത, ഹ്യൂമൻ റിസോഴ്സസ് വിഭാഗം മാനേജര്‍ അമിത് ചക്രവര്‍ത്തി എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സ്ഥാപനവുമായി ബന്ധപ്പെട്ട 37 മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ അടക്കം 30 കേന്ദ്രങ്ങളില്‍ മണിക്കൂറുകള്‍ നീണ്ട റെയ്ഡ് നടത്തിയതിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് നടപടി. ഇതില്‍ ഒമ്ബതു പേര്‍ വനിതകളാണ്. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ഇവരില്‍ പലരെയും കസ്റ്റഡിയിലെടുത്ത് സ്പെഷല്‍ സെല്‍ ആസ്ഥാനത്ത് എത്തിച്ചാണ് ചോദ്യം ചെയ്തത്.

പ്രബീര്‍ പുരകായസ്ത, അമിത് ചക്രവര്‍ത്തി എന്നിവര്‍ക്കു പുറമെ സ്ഥാപനത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരുമായ ഭാഷ സിങ്, ഊര്‍മിളേഷ്, സുഹൈല്‍ ഹാഷ്മി, സഞ്ജയ് രജൗര, ഗീത ഹരിഹരൻ, അനുരാധ രാമൻ, സത്യം തിവാരി, അദിതി നിഗം, സുമേധ പാല്‍, സുബോധ് വര്‍മ, വിഡിയോ ജേണലിസ്റ്റ് അഭിസര്‍ ശര്‍മ, ശാസ്ത്രകാര്യ ലേഖകൻ ഡി. രഘുനന്ദൻ തുടങ്ങിയവരുടെ വസതികളിലാണ് ചൊവ്വാഴ്ച പുലര്‍ച്ച ഡല്‍ഹി പൊലീസ് സ്പെഷല്‍ ടീമില്‍പെട്ടവര്‍ കയറിച്ചെന്നത്.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ പരഞ്ജോയ് ഗുഹ ഠാകുര്‍ത്ത എന്നിവരുടെ വസതികളിലും സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിന്‍റെ മുംബൈയിലെ വസതിയിലും റെയ്ഡ് നടന്നു. എ.കെ.ജി ഭവനിലെ ജീവനക്കാരനായ ശ്രീനാരായണ, മകനും ന്യൂസ് ക്ലിക് പ്രവര്‍ത്തകനുമായ സുമിത് കുമാര്‍ എന്നിവര്‍ താമസിക്കുന്ന സ്ഥലമെന്ന നിലക്കാണ് പൊലീസ് യെച്ചൂരിക്ക് നല്‍കിയിട്ടുള്ള കാനിങ് റോഡിലെ സര്‍ക്കാര്‍ വസതിയില്‍ എത്തിയത്. സുമിത് കുമാറിന്‍റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും പൊലീസ് കൊണ്ടുപോയി. ടീസ്റ്റ ഡയറക്ടറായ ‘ട്രൈ കോണ്ടിനെന്‍റല്‍’ എന്ന കേന്ദ്രം ന്യൂസ് ക്ലിക്കിന് ലേഖനങ്ങള്‍ നല്‍കുന്നുവെന്നതായിരുന്നു ടീസ്റ്റയെ നോട്ടമിട്ടതിനു കാരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular