Friday, May 3, 2024
Homeതീവണ്ടികള്‍ ചൂളം വിളിച്ച ദുബൈ

തീവണ്ടികള്‍ ചൂളം വിളിച്ച ദുബൈ

തിരക്കേറിയ ദുബൈ നഗര വീഥിയിലെ ആകാശ പാതയിലൂടെ കുതിച്ചുപായുന്ന ലോക്കോ പൈലറ്റില്ലാത്ത മെട്രോ വിസ്മയ കാഴ്ച്ചയാണ്.

പാം ജുമൈറയിലേക്കുള്ള മോണോ ട്രെയ്നും അല്‍ സുഫൂഹില്‍ നിന്നോടുന്ന ട്രാമും ലോകത്തെ കൊതിപ്പിക്കുന്ന യാത്ര സംവിധാനങ്ങളാണ്. ദുബൈ നഗരത്തിലെ ഗതാഗത കുരുക്കില്‍പ്പെടാതെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്താൻ യാത്രക്കാര്‍ക്ക് മെട്രോ നല്‍കുന്ന പിന്തുണ വലുതാണ്.

വിനോദസഞ്ചാരികളുടെ ഇഷ്ടമായി മെട്രോ മാറിയത് വളരെ പെട്ടന്നായിരുന്നു. അതിന്‍റെ വൈവിധ്യവും ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗവുമാണ് മെട്രോയെ ലോകത്തിന്‍റെ ഇഷ്ടമാക്കി മാറ്റിയത്. സൗദി അതിര്‍ത്തിയില്‍ നിന്ന് തുടങ്ങി, മരുഭൂമിയുടെ വിജനത കടന്ന് മലകളുടെ നാടായ ഫുജൈറയില്‍ സന്ധിക്കുന്ന വിധത്തില്‍ ഒരുക്കിക്കൊണ്ടിരിക്കുന്ന ഇത്തിഹാദ് റെയില്‍വേയുടെ പരീക്ഷണ പാച്ചിലും സന്ദര്‍ശകരില്‍ തീര്‍ത്തത് വിസ്മയങ്ങളാണ്. എന്നാല്‍, യു.എ.ഇയുടെ പിറവിക്കും മുമ്ബ് ദുബൈയില്‍ തീവണ്ടി കുതിച്ചു പാഞ്ഞിരുന്നുവെന്ന് പറഞ്ഞാല്‍ പുതുതലമുറ വിശ്വസിക്കണമെന്നില്ല. 1970ല്‍ റാശിദ് തുറമുഖം നിര്‍മിക്കുന്ന സമയത്താണ് യു.കെയില്‍ നിന്ന് ദുബൈയില്‍ ആദ്യമായി തീവണ്ടി എത്തുന്നത്.

തുറമുഖ നിര്‍മാണത്തിനുള്ള ചരക്ക് നീക്കം ദ്രുതഗതിയില്‍ ആക്കാനും വാഹനങ്ങളുടെ ഉപയോഗം ഒരു പരിധിവരെ ഒഴിവാക്കാനുമാണ് യു.കെയില്‍ നിന്ന് തീവണ്ടികള്‍ ദുബൈയില്‍ എത്തിച്ചത്. തുറമുഖത്തിലെ കൂറ്റൻ ബൈര്‍ത്തുകളുടെ നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ വളരെ വേഗത്തില്‍ കാര്യക്ഷമമായി റോഡ് മാര്‍ഗം എത്തുകയെന്നത് അക്കാലത്ത് പ്രതിസന്ധിയായിരുന്നു. ഇതിന് എന്താണ് പരിഹാരം എന്ന ചിന്തയില്‍ നിന്നാണ് തീവണ്ടിയുടെ ചൂളം വിളി മുഴങ്ങിയത്. ഒരു സ്റ്റാൻഡേര്‍ഡ്-ഗേജ് പാതയായിരുന്നു ഇതിനായി തീര്‍ത്തിരുന്നത്.

അഞ്ച് ഡീസല്‍ എൻജിനുകളാണ് റാശിദ് തുറമുഖത്ത് സേവനം നടത്തിയിരുന്നത്. തുറമുഖത്തിന്‍റെ നിര്‍മാണം 1972ല്‍ പൂര്‍ത്തിയാകുന്നത് വരെ തീവണ്ടി ഇവിടെ ചൂളംവിച്ചിരുന്നു. ഇപ്പോഴും തുറമുഖത്തിനകത്ത് തീവണ്ടി പാഞ്ഞിരുന്ന പാളങ്ങള്‍ അങ്ങിങ്ങായി കാണാം. അവയുടെ നിരീക്ഷണ സംവിധാനങ്ങളും അടുത്തകാലം വരെ തുറമുഖത്തുണ്ടായിരുന്നു. പിന്നെ തീവണ്ടിക്ക് എന്തുസംഭവിച്ചു? തുറമുഖ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ ട്രെയിനുകള്‍ യു.എ.ഇക്ക് തന്നെ സമ്മാനിക്കുകയായിരുന്നു യു.കെ കമ്ബനി. ഇവയില്‍കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചിരുന്ന, 1968ല്‍ നിര്‍മിച്ച എൻജിൻ നമ്ബര്‍ 3655 എന്ന തീവണ്ടിയുടെ നിയോഗം ദുബൈ ഖവാനീജിനടുത്ത മുശ്രിഫ് പാര്‍ക്കിലെത്താനായിരുന്നു. അവിടെ എത്തുന്ന യാത്രക്കാരെയും കൊണ്ട് വര്‍ഷങ്ങളോളം തീവണ്ടി കിതപ്പറിയാതെ ഓടി.

മുശ്രിഫ് പാര്‍ക്കിന് പ്രശസ്തി നേടിക്കൊടുത്തതില്‍ ഈ തീവണ്ടി വഹിച്ച പങ്ക് വളരെ വലുതാണ്. ആയിരങ്ങളാണ് ഈ തീവണ്ടിയില്‍ ഉല്ലാസ യാത്ര നടത്തിയത്. ട്രെയ്ൻ ഗതാഗതം പരിഷ്ക്കരിക്കാൻ ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും താത്ക്കാലത്തേക്ക് അത് മാറ്റുകയായിരുന്നു. കാലാവസ്ഥ വ്യതിയാനവും ഡീസല്‍ എൻജിൻ ഉപയോഗിക്കുന്നതുവഴി ഉദ്യാനത്തിലുണ്ടാകാൻ സാധ്യതയുള്ള മലിനീകരണം കണക്കിലെടുത്താണ് തീവണ്ടി ഓട്ടം അവസാനിപ്പിച്ചത്. ഉദ്യാനത്തിന് പിറക് വശത്ത് പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ പാര്‍ക്കിന് സമീപം ശരീരം അനങ്ങാതെ ചരിത്ര വഴികളിലെ പരക്കം പാച്ചിലോര്‍ത്തും വഹിച്ച ഭാരങ്ങളെയോര്‍ത്തും കിടക്കുകയാണ് തീവണ്ടിയിപ്പോള്‍. എന്നാല്‍, പാര്‍ക്കിലെത്തുന്ന സഞ്ചാരികള്‍ ഇതിനുസമീപം എത്തി സെല്‍ഫി എടുക്കാനും തൊട്ടുതലോടാനും ഇപ്പോഴും സമയം കണ്ടെത്തുന്നു. പാര്‍ക്ക് ഉദ്യോഗസ്ഥര്‍ നിര്‍മിച്ച റാമ്ബിലൂടെ സന്ദര്‍ശകര്‍ക്ക് കോച്ചുകളിലേക്കും ഡ്രൈവര്‍ ക്യാബിലേക്കും പ്രവേശിക്കാൻ അനുവദിക്കുന്നുണ്ട്.

കണ്‍ട്രോള്‍ റൂമിലെ ചില ലിവറുകള്‍ ഇപ്പോഴും ചലിക്കുന്നു, എന്നാല്‍ എല്ലാ സ്‌ക്രീൻ ഗേജുകളും ഗ്ലാസുകളും നീക്കം ചെയ്‌ത് പെയിന്‍റ് ചെയ്‌തിരിക്കുന്നു, 1950 കളുടെ അവസാനത്തില്‍ നിര്‍മിച്ച മറ്റ് നാല് ലോക്കോമോട്ടീവുകളും ദുബൈയില്‍ തന്നെ ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തന മേഖലയില്‍ ഇടം ലഭിച്ചിരുന്നില്ല. രണ്ടെണ്ണം സ്ക്രാപ്പിലേക്കും ബാക്കി രണ്ടെണ്ണം അല്‍ഐൻ റോഡിലെ കോറിയിലേക്കും മാറ്റി.

കുറേ കാലം ഇവ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. മുശ്രിഫ് പാര്‍ക്കിലെ ബോഗികളില്‍ ഇപ്പോള്‍ ഉല്ലസിക്കുന്നത് പക്ഷികളാണ്. ആരെയും കൂസാതെ ഇവ ബോഗികളിലിരുന്ന് സല്ലപിക്കുന്നു. തീവണ്ടിയുടെ വശങ്ങളില്‍ ഇപ്പോഴും കാണുന്ന നിര്‍മാതാക്കളുടെ ഫലകത്തില്‍ ‘Butterley Co Ltd 1968 Builders’ എന്ന് എഴുതിയിരിക്കുന്നു, മറ്റുള്ളയുടെ നിര്‍മാതാക്കള്‍ ‘Codnor Park, Nottingham’ എന്നാണ് മുദ്രണം ചെയ്തിരിക്കുന്നത്. പാര്‍ക്കുകളില്‍ ടയറുകളില്‍ ഓടുന്ന ട്രെയിനുകള്‍ നിരവധിയാണ്. എന്നാല്‍ പാളത്തിലൂടെയുള്ള ചൂളംവിളിക്ക് വീണ്ടും കാതോര്‍ക്കുകയാണ് മുശ്രിഫിലെ പഴയ സന്ദര്‍ശകരും അവരില്‍ നിന്ന് തീവണ്ടി ചരിതം കേട്ടറിഞ്ഞ പുതുതലമുറയും.

യു.എ.ഇയിലെ ട്രെയ്ൻ പദ്ധതികള്‍ ഇത്തിഹാദ് റെയില്‍, ദേശീയ റെയില്‍വേ, അബൂദബി മെട്രോ, അബൂദബി ലൈറ്റ് റെയില്‍, ദുബൈ മെട്രോ, അല്‍ സുഫൂഹ് ട്രാംവേ, പാം ജുമൈറ മോണോ എന്നിവയെല്ലാം ദേശീയ സമ്ബദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തവയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular