Saturday, April 20, 2024
HomeKeralaദത്ത് വിവാദം അനുപമയ്ക്ക് തിരിച്ചടി

ദത്ത് വിവാദം അനുപമയ്ക്ക് തിരിച്ചടി

ദത്ത് നല്‍കല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട കുഞ്ഞിനെ വിട്ടുകിട്ടാനായി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ്  ഹര്‍ജി നല്‍കിയ അനുപമയ്ക്ക്തിരിച്ചടി. ഹര്‍ജി പിന്‍വലിക്കണമെന്നും, ഇല്ലെങ്കില്‍ തള്ളുമെന്നും ഹൈക്കോടതി  അനുപമയോട് പറഞ്ഞു. മറ്റൊരു കേസ് തിരുവനന്തപുരം കുടുംബകോടതിയില്‍ നിലനില്‍ക്കുകയല്ലേ എന്നും, അങ്ങനെയെങ്കില്‍ എങ്ങനെ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു. കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് നിലവില്‍ പറയാനാകില്ലെന്നും കോടതി പറഞ്ഞു. കേസ് നാളത്തേക്ക് ഹൈക്കോടതി മാറ്റുകയും ചെയ്തു. കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന പരാതിയില്‍ 2021 ഒക്ടോബര്‍ 18-ന് മാത്രമാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. കുഞ്ഞിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ഹാജരാക്കി തനിക്ക് കൈമാറണമെന്നാണ് ഹര്‍ജിയില്‍ അനുപമയുടെ ആവശ്യം. ഇത് ഹൈക്കോടതി അംഗീകരിക്കുന്നില്ല.

കുടുംബകോടതിയുടെ പരിഗണനയില്‍ ആയതുകൊണ്ട് ഈ കേസില്‍ സത്വര ഇടപെടലിലേക്കോ നടപടിയിലേക്കോ ഹൈക്കോടതി കടക്കേണ്ട കാര്യമില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഡിഎന്‍എ പരിശോധന നടത്താന്‍ ശിശുക്ഷേമസമിതിക്ക് അധികാരമുണ്ടല്ലോ എന്ന് നിരീക്ഷിച്ച കോടതി, കുടുംബകോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ഹര്‍ജി പിന്‍വലിച്ചുകൂടേ എന്നും ചോദിച്ചു. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ 2020 ഒക്ടോബര്‍ 19-നാണ് പരാതിക്കാരി കുഞ്ഞിന് ജന്മം നല്‍കുന്നത്. എന്നാല്‍ തന്റെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിതയും ചേര്‍ന്ന് നാലാം ദിവസം കുഞ്ഞിനെ തന്നില്‍ നിന്ന് തട്ടിക്കൊണ്ട് പോയെന്നും, തന്റെ അനുമതിയില്ലാതെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നുമാണ് അനുപമ ഹര്‍ജിയില്‍ ആരോപിക്കുന്നത്. ആശുപത്രി റജിസ്റ്ററിലും ജനനസര്‍ട്ടിഫിക്കറ്റിലും കുഞ്ഞിന്റെ വിവരങ്ങള്‍ തെറ്റായാണ് നല്‍കിയിട്ടുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിട്ടുന്ന കുട്ടികളെ ഏറ്റെടുക്കുന്നതിനായി ബാലനീതിനിയമപ്രകാരം പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഉണ്ടായില്ല. ശിശുക്ഷേമസമിതിയെ ഉള്‍പ്പടെ സമീപിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്നും അനുപമ ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, ഇന്നലെ അനുപമയുടെ പരാതിയിലെ സത്യാവസ്ഥ കണ്ടെത്തുന്നതിന് ഡിഎന്‍എ പരിശോധന നടത്താന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് തിരുവനന്തപുരം കുടുംബകോടതി നിര്‍ദശം നല്‍കിയിരുന്നു. കേസ് ഇനി പരിഗണിക്കുന്നത് നവംബര്‍ 20-നാണ്. അന്നത്തേക്ക് ഫലമെന്തെന്ന് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

ശിശുക്ഷേമസമിതിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാണോ, അതോ കുടുംബം വന്ന് സ്വമേധയാ വിട്ട് നല്‍കിയതാണോ എന്നതില്‍ വ്യക്തത വരുത്തി സത്യവാങ്മൂലം നല്‍കണം. ദത്ത് നടപടിക്രമങ്ങളും വ്യക്തമാക്കണം. ഡിഎന്‍എ പരിശോധന എങ്ങനെ വേണമെന്നതിന്റെ കാര്യം സമിതിക്ക് തീരുമാനിക്കാമെന്നും ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ കോടതി അഭിനന്ദിച്ചിരുന്നു. എന്നാല്‍ ശിശുക്ഷേമ സമിതിയെ രൂക്ഷമായി കോടതി വിമര്‍ശിച്ചു. ദത്തെടുക്കലിനുള്ള ശിശുക്ഷേമ സമിതിയുടെ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞതാണെന്ന് കോടതി വിമര്‍ശിച്ചു. സമിതി ഹാജരാക്കിയ ലൈസന്‍സിന്റെ കാലാവധി ജൂണ്‍ 30-ന് അവസാനിച്ചതാണ്. ലൈസന്‍സ് പുതുക്കല്‍ നടപടികള്‍ നടന്നുവരികയാണെന്ന് ശിശുക്ഷേമ സമിതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ലൈസന്‍സ് പുതുക്കാനുള്ള നടപടിയുള്‍പ്പെടെ എല്ലാ കാര്യങ്ങളും വിശദമാക്കി സത്യവാങ്മൂലം നല്‍കണമെന്ന് ശിശുക്ഷേമ സമിതിക്കും നിര്‍ദ്ദേശം നല്‍കി.

അതേസമയം, കുഞ്ഞിനെ ദത്ത് നല്‍കിയെന്ന ആരോപണത്തില്‍, സംസ്ഥാന അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി (ടഅഞഅ) പോലീസിന് റിപ്പോര്‍ട്ട് നല്‍കി. ദത്ത് നടപടികള്‍ പൂര്‍ണമായും നിയമപരമായാണ് നടന്നത്. കുഞ്ഞിനെ ആര്‍ക്ക് നല്‍കിയെന്നോ, എപ്പോള്‍ നല്‍കിയെന്നോ അറിയിക്കാനാകില്ലെന്നും ഏജന്‍സി പ്രതികരിച്ചു. ദത്തെടുക്കല്‍ നിയമപ്രകാരം ഈ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് ഏജന്‍സി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular