Wednesday, April 24, 2024
HomeKeralaഇന്ധന വിലവര്‍ധനവിന്റെ പേരില്‍ നടക്കുന്നത് നികുതി ഭീകരത; പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

ഇന്ധന വിലവര്‍ധനവിന്റെ പേരില്‍ നടക്കുന്നത് നികുതി ഭീകരത; പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവിന്റെ (fuel price hike) പേരില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഭീകരത നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍(VD Satheesan) നിയമസഭയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അധിക നികുതി വരുമാനത്തില്‍ നിന്നും ഇന്ധന സബ്‌സിഡി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വിലനിര്‍ണയ അധികാരം (ഡീ റെഗുലേഷന്‍) എണ്ണകമ്പനികള്‍ക്ക് നല്‍കിയതാണ് വിലക്കയറ്റത്തിനു കാരണമെന്ന ന്യായവാദം ഉന്നയിക്കുന്ന സി.പി.എം മോദി സര്‍ക്കാരിനെ ന്യായീകരിക്കുകയാണ്.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയ്ക്ക് ആനുപാതികമായി പെട്രോളും ഡീസലും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ഡീ റെഗുലേഷന്‍ നടപ്പാക്കിയത്. എന്നാല്‍ ക്രൂഡ് ഓയില്‍ വില കൂടുമ്പോള്‍ ജനങ്ങളുടെ തലയില്‍ വയ്ക്കുകയും കുറയുമ്പോള്‍ ആ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാതെ നികുതി കൂട്ടുകയും ചെയ്യുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു.

പെട്രോളിന്റെ വില നിയന്ത്രണാധികാരം മാത്രമാണ് യു.പി.എ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത്. ഇന്ധന സബ്‌സിഡി ഇനത്തില്‍ രണ്ടു ലക്ഷം കോടിയുടെ ബാധ്യത ഉണ്ടായതിനെ തുടര്‍ന്നായിരുന്നു തീരുമാനം. 2014 ല്‍ മോദി സര്‍ക്കാര്‍ ഡീസലിന്റെ വില നിര്‍ണയവും കമ്പനികള്‍ക്കു കൈമാറി. 2008 ല്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 145 ഡോളറുണ്ടായിരുന്നപ്പോള്‍ പെട്രോളിന് 50 രൂപയും ഡീസലിന് 34 രൂപയുമായിരുന്നു വില. ഇന്ന് 82 ഡോളറാണ് ക്രൂഡ് ഓയില്‍ വില.

ഡീറെഗുലേഷന്‍ അനുസരിച്ചാണെങ്കില്‍ 30 രൂപയ്ക്ക് പെട്രോള്‍ ലഭിക്കണം. ഡീറഗുലേഷനിലൂടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡീസലും പെട്രോളും ലഭിക്കുമായിരുന്നു. ഇതിനെയാണ് നിങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കൂടുമ്പോള്‍ ജനങ്ങളുടെ തലയില്‍ വയ്ക്കും. കുറയുമ്പോള്‍ ആ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാതെ നികുതി കൂട്ടും. 2014 ല്‍ ബി.ജെ.പി അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ 9 രൂപയായിരുന്ന നികുതി 32 ശതമാനമായി വര്‍ധിപ്പിച്ചു. ഇത് നികുതി ഭീകരതയാണ്.

ഡീറെഗുലേഷന്‍ കൃത്യമായി നടപ്പാക്കിയിരുന്നെങ്കില്‍ ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും ലഭിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേനെ. ഡീറെഗുലേഷനാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധനവിന് കാരണമെന്നു പ്രചരിപ്പിക്കുന്നവര്‍ എല്‍.പി.ജി സിലിണ്ടര്‍ വില കുതിച്ചുയരുന്നത് എങ്ങനെയെന്നു വ്യക്തമാക്കണം. എല്‍.പി.ജി വില തീരുമാനിക്കാനുള്ള അധികാരം ഇപ്പോഴും കേന്ദ്ര സര്‍ക്കാരിനു തന്നെയാണ്. 2020 ജൂണ്‍ മുതല്‍ എല്‍.പി.ജി സബ്‌സിഡി ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടുകളില്‍ കിട്ടുന്നുണ്ടോ? കാര്യങ്ങള്‍ അറിയാതെയാണ് സി.പി.എം യു.പി.എയെ കുറ്റപ്പെടുത്തുന്നത്. ആറു വര്‍ഷം കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ നികുതി വരുമാനം 300 ശതമാനമായാണ് കുതിച്ചുയര്‍ന്നത്.

കേന്ദ്ര സര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് അധിക വരുമാനം സംസ്ഥാനത്തിനും ലഭിക്കും. ഈ അധിക വരുമാനം ഉപയോഗിച്ച് ഇന്ധന സബ്‌സിഡി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നു തവണ നികുതി വരുമാനം വേണ്ടെന്നു വച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇന്ധനവില വര്‍ധനവിനെതിരെ സി.പി.എം അഞ്ച് ഹര്‍ത്താലുകളാണ് നടത്തിയത്. ഇപ്പോള്‍ ഹര്‍ത്താലോ സമരമോ ഇല്ല. 10 കൊല്ലം കഴിയുമ്പോള്‍ നിങ്ങള്‍ ഇതൊക്കെ മറക്കുന്നത് എങ്ങനെയാണ്? അവിടെ നികുതി കൂട്ടുമ്പോള്‍ ഇവിടെയും വരുമാനം വര്‍ധിക്കുമെന്ന സന്തോഷത്തിലാണ് നിങ്ങള്‍.

സ്‌കൂള്‍ കുട്ടികള്‍ക്കു വേണ്ടി സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടിസിയില്‍ യാത്ര ചെയ്യാന്‍ ദിവസേന 157 രൂപ നല്‍കണം. അധിക നികുതി വരുമാനത്തില്‍ നിന്നും ഇതിന് സബ്‌സിഡി നല്‍കിക്കൂടേ? കോവിഡ് പ്രതിസന്ധിയില്‍ കഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളും ഓട്ടോറിക്ഷാ തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് അധിക നികുതി വരുമാനത്തില്‍ നിന്നും ഇന്ധന സബ്‌സിഡി നല്‍കാന്‍ സംസ്ഥാനം തയാറാകണം.

കേന്ദ്ര സര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കുമ്പോള്‍ അതിന് ആനുപാതികമായി സംസ്ഥാനത്തിന് ലഭിക്കുന്ന അധിക വരുമാനം ഉപയോഗിച്ച് ഇന്ധന സബ്‌സിഡി പോലും നല്‍കാന്‍ തയാറാകാത്തവര്‍ ഡീ റെഗുലേഷന്‍ നല്ലതാണെന്നെങ്കിലും സമ്മതിക്കണമെന്നും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular