Saturday, December 9, 2023
HomeGulfഗള്‍ഫിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇനി മില്‍മ ഉത്‌പന്നങ്ങളും

ഗള്‍ഫിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇനി മില്‍മ ഉത്‌പന്നങ്ങളും

മില്‍മ ഉത്‌പന്നങ്ങള്‍ ഗള്‍ഫിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴി വില്‍ക്കാൻ കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനും (കെസിഎംഎംഎഫ്-മില്‍മ) ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണലും ധാരണയായി.
വ്യവസായമന്ത്രി പി രാജീവ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫ് അലി, മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി എന്നിവരുടെ സാന്നിധ്യത്തില്‍ കെസിഎംഎംഎഫ് എംഡി ആസിഫ് കെ. യൂസഫും ലുലു ഗ്രൂപ്പ് ഡയറക്ടര്‍ സലിം എം. എയുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

ഡല്‍ഹി പ്രഗതി മൈതാനില്‍ നടക്കുന്ന വേള്‍ഡ് ഫുഡ് ഇന്ത്യ സമ്മേളനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ചടങ്ങ്. മേളയിലെ കേരള പവിലിയന്‍റെ ഉദ്ഘാടനം പി. രാജീവ് നിര്‍വഹിച്ചു. ഭക്ഷ്യ സംസ്കരണ രംഗത്ത് മികച്ച സാധ്യതകളാണ് നിക്ഷേപകര്‍ക്ക് കേരളം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

മില്‍മയുടെ അഞ്ച് ഉത്പന്നങ്ങളാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ തുടക്കത്തില്‍ ഉള്‍പ്പെടുത്തുന്നത്. നെയ്യ്, പ്രീമിയം ഡാര്‍ക്ക് ചോക്ലേറ്റ്, ഗോള്‍ഡന്‍ മില്‍ക്ക് മിക്സ് പൗഡര്‍(ഹെല്‍ത്ത് ഡ്രിങ്ക്), ഇന്‍സ്റ്റന്‍റ് പനീര്‍ ബട്ടര്‍ മസാല, പാലട പായസം മിക്സ് എന്നിവയാണ് ലഭിക്കുക.

ആഗോള ബ്രാൻഡായി മില്‍മ മാറുന്നതിനു ലുലു ഗ്രൂപ്പുമായുള്ള സഹകരണം സഹായിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ലുലുവിന്‍റെ മറ്റ് രാജ്യങ്ങളിലെ ഹൈപ്പര്‍മാര്‍ക്കറ്റിലേക്കും എത്തിക്കുമെന്നും കെ.എസ്‌. മണി പറഞ്ഞു

സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം വളരെ മികച്ചതാണെന്ന് എം.എ യൂസഫലി പറഞ്ഞു. 48 മണിക്കൂറിനുള്ളില്‍ വ്യവസായം ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കുന്ന സര്‍ക്കാര്‍ നയത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു.

മില്‍മയുമായുള്ള സഹകരണത്തിലൂടെ സംസ്ഥാനത്തെ കര്‍ഷകര്‍ക്കാണ് ഗുണം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വൈവിധ്യമാര്‍ന്ന കാര്‍ഷികോത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്‍റെ ഭാഗമായി മേഘാലയ, ഉത്തര്‍ പ്രദേശ്, ജമ്മു കശ്‍മീര്‍, കാര്‍ഷികോത്പ്പന്ന കയറ്റുമതി അതോറിട്ടി എന്നിവയുമായി ലുലു ഗ്രൂപ്പ് ധാരണ പത്രത്തില്‍ ഒപ്പിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular